യുദ്ധ ഭീതിയില്‍ കാട്ടിലേക്ക് ഓടിപ്പോയ കുടുംബത്തെ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തി

Posted on: August 9, 2013 11:47 pm | Last updated: August 9, 2013 at 11:47 pm
SHARE

viyatnamഹാനോയി: വിയറ്റ്‌നാം യുദ്ധത്തിനിടെ കാണാതായ പിതാവിനെയും മകനെയും 40 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഉള്‍വനത്തില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. വിയറ്റ്‌നാം യുദ്ധത്തിനിടെയുണ്ടായ ബോംബാക്രമണത്തില്‍ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനാന്തരങ്ങളിലേക്ക് ഓടിപ്പോയ ഹോ വാന്‍ തന്‍ഹി(82)നെയും മകന്‍ 41കാരനായ ഹോ വാന്‍ ലാംഗിനെയുമാണ് വിറക് ശേഖരിക്കാനെത്തിയ നാട്ടുകാര്‍ കണ്ടെത്തിയത്.
വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന തന്‍ഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളോളം തീര്‍ത്തും ഒറ്റപ്പെട്ട് കഴിഞ്ഞ ഇരുവരുടെയും മാനസിക നില താളം തെറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യു എസ് സൈന്യത്തിന്റെ ആക്രമണത്തെ ഭയന്ന് നാട് വിടുമ്പോള്‍ ലാംഗിന് ഒരു വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പിതാവിനോടൊപ്പം അഞ്ച് മീറ്റര്‍ ഉയരത്തില്‍ പണിത ഏറുമാടത്തിലാണ് ലാംഗ് കഴിഞ്ഞിരുന്നത്. ഇത്രയും കാലം ഇലകളും പഴ വര്‍ഗങ്ങളും മാത്രമാണ് ഇവര്‍ ഭക്ഷിച്ചിരുന്നത്.