തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘ഖിഢ്ക്കി’യുമായി കോണ്‍ഗ്രസ്

Posted on: August 9, 2013 11:40 pm | Last updated: August 9, 2013 at 11:40 pm
SHARE

അരീക്കോട് : പ്രതിപക്ഷ രാഷ്ട്രീയ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കുമായി കോണ്‍ഗ്രസ്. ഖിഢ്ക്കി എന്നു പേരിട്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ ഐ ടി ഉപദേഷ്ടാവ് ആനന്ദ് അഡ്‌കൊലിയാണ് വികസിപ്പിച്ചത്. ഫേസ്ബുക്ക്, ട്വിറ്റര്‍ മാതൃകയിലാണ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുക.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രചാരണതന്ത്രത്തിന് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹി ജവഹര്‍ ഭവനില്‍ ചേര്‍ന്ന രാജ്യത്താകമാനമുള്ള 200 കോണ്‍ഗ്രസ് വക്താക്കള്‍ക്കായി നടത്തിയ ദ്വിദിന മീഡിയാ കോണ്‍ക്ലേവിലാണ് ഖിഢ്കിയുടെ വരവിനെ കുറിച്ച് പാര്‍ട്ടി വിശദീകരിച്ചത്.
കോണ്‍ഗ്രസ് ദേശീയ വക്താവായ സന്ദീപ് ദീക്ഷിത് എം പിയായിരിക്കും ഖിഢ്ക്കിയിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്കു പുറമേ പ്രാദേശിക ഭാഷകളിലും ഖിഢ്കി ലഭ്യമാകും. സോഷ്യല്‍ മീഡിയകളില്‍ നിന്ന് വ്യത്യസ്തമായി ഒരു എസ് എം എസ് വഴി ജനങ്ങള്‍ക്ക് ഖിഢ്കിയുമായി ബന്ധം പുലര്‍ത്താന്‍ സാധിക്കും. ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കാന്‍ ഖിഢ്കിയില്‍ ഇടമുണ്ടാകില്ല. പാര്‍ട്ടി ആശയങ്ങളും സര്‍ക്കാര്‍ നിലപാടുകളും പദ്ധതികളുമാണ് ചര്‍ച്ച ചെയ്യപ്പെടുക.
കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും പ്രധാന നേതാക്കള്‍ക്കും മാത്രമാണ് ആദ്യം അംഗത്വം നല്‍കുക. ഈ നെറ്റ്‌വര്‍ക്ക് വഴി ഭാരവാഹികള്‍ തമ്മില്‍ ആശയം കൈമാറി പ്രതിപക്ഷ പ്രചാരണങ്ങള്‍ക്കെതിരായ തന്ത്രം രൂപപ്പെടുത്തും. കോണ്‍ഗ്രസേതര പാര്‍ട്ടിക്കാര്‍ ഇരച്ചു കയറി ലക്ഷ്യം അട്ടിമറിക്കപ്പെട്ടേക്കും എന്നു ഭയന്നാണ് ആദ്യഘട്ടത്തില്‍ അംഗത്വം ഭാരവാഹികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത്. അടുത്ത ഘട്ടത്തില്‍ നിലവിലുള്ള ഫേസ്ബുക്ക് അംഗങ്ങള്‍ ശിപാര്‍ശ ചെയ്യുന്നവര്‍ക്ക് അംഗത്വം നല്‍കും. വൈകാതെ പൊതുജനങ്ങള്‍ക്കും അംഗത്വം ലഭ്യമാക്കുകയാണ് ലക്ഷ്യം. 2014 ആദ്യത്തോടെ സൈബര്‍ ലോകത്ത് ഖിഢ്കി ഒരു തരംഗമാക്കി മാറ്റാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.