Connect with us

Kerala

കാലവര്‍ഷം: 5660 കോടിയുടെ കേന്ദ്ര സഹായം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്തുണ്ടായ അതിരൂക്ഷമായ മഴക്കെടുതി നേരിടാന്‍ കേരളം കേന്ദ്രത്തോട് 5660 കോടി രൂപയുടെ സഹായം തേടി. സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘത്തിനൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടത്. കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങലുണ്ടായ ഇടുക്കിക്ക് മാത്രം 3090 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും എത്രയും വേഗം തുടര്‍നടപടികള്‍ കൈക്കൊണ്ട് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 2179 കോടി രൂപയുടെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്ത് റോഡുകളുടെ സ്ഥിതി വളരെ മോശമാണെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പ് കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മന്ത്രിസഭാ യോഗം ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ വകുപ്പ് മന്ത്രി നേരിട്ട് അതത് ജില്ലകളില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തും. എം പിമാരെയും എം എല്‍ എമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ ആരായും.
കോണ്‍ട്രാക്ടര്‍മാരുടെ കുഴപ്പം കൊണ്ടോ റോഡ് നിര്‍മാണത്തിലെ അപാകം കൊണ്ടോ ആണ് റോഡ് പൊട്ടിപ്പൊളിഞ്ഞതെങ്കില്‍ അവരുടെ ചെലവില്‍ തന്നെ പുനര്‍നിര്‍മിക്കും. ഇതിന് തയ്യാറാകാത്ത കോണ്‍ട്രാക്ടര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest