Connect with us

Kerala

ഇടതുപക്ഷം ആഭ്യന്തര കലാപത്തിന് ശ്രമിക്കുന്നു: തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: ഇടതുപക്ഷം സംസ്ഥാനത്ത് ആഭ്യന്തര കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉപരോധ സമരം കേരളജനതയോടുള്ള വെല്ലുവിളിയാണ്. ഭരണം നിലക്കണമെന്ന പിടിവാശിയോടെയുള്ള സമരത്തോട് യോജിക്കാനാവില്ല. രണ്ട് മാസത്തോളമായി പ്രതിപക്ഷം നടത്തുന്ന സമരം ഒടുവില്‍ സെക്രട്ടേറിയേറ്റ് പിടിച്ചെടുക്കുന്ന രീതിയിലേക്കാണ് മാറുന്നത്. ജനാധിപത്യ രീതിയില്‍ സമരം നടത്തുന്നത് ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകളായുള്ള കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് സെക്രട്ടേറിയേറ്റിന്റെ ഒരു വാതിലിലൂടെയും ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

അച്യുതമേനോന്റെ കാലം മുതല്‍ സെക്രട്ടേറിയേറ്റ് ഉപരോധസമയത്ത് കണ്ടോണ്‍മെന്റ് ഗേറ്റ് തുറക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ ഈ 12ന് ആരംഭിക്കുന്ന സമരത്തില്‍ ആരെയും സെക്രട്ടേറിയേറ്റിലേക്ക് കടത്തില്ലെന്നാണ് പറയുന്നത്. മൂന്ന് ഗേറ്റിലും അവര്‍ക്ക് സമരം നടത്താം. അതേസമയം കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ നടത്തുന്ന സമരം ജനവിരുദ്ധമാണ്. സെക്രട്ടേറിയേറ്റിലേക്ക് വരുന്ന പാവങ്ങളെ തടയാന്‍ സമ്മതിക്കില്ല. വാള്‍സ്ട്രീറ്റ് സമരമെന്നും പിടിച്ചെടുക്കല്‍ സമരമെന്നുമാണ് അവര്‍ ഈ സമരത്തെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ അങ്ങനെ ഒരു സമരമുറ അഭികാമ്യമാണോ? എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

എല്‍ ഡി എഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം ജനാധിപത്യത്തിന്റെ അന്ത്യംകുറിക്കുന്നതിന് ഇടയാക്കും. സെക്രട്ടേറിയേറ്റിനെ ബന്ദിയാക്കുന്ന നടപടിയില്‍ നിന്നും പ്രതിപക്ഷം പിന്നോട്ടു പോകണം. ഗവണ്‍മെന്റിനെതിരെ നേരത്തെയും സമരമുണ്ടായിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സെക്രട്ടേറിയേറ്റ് ഉപരോധം.
28 ദിവസത്തേക്കാണ് കഴിഞ്ഞ തവണ നിയമസഭാ സമ്മേളനം വിളിച്ചത്. ഇതില്‍ നാല് ദിവസം മാത്രമാണ് പൂര്‍ണ്ണമായും സഭ നടന്നത്. ഇത്തരം സമരത്തോട് കേരള ജനത യോജിക്കില്ല. വെള്ളപ്പൊക്ക ദുരന്തമുണ്ടായപ്പോഴും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. പ്രധാനമന്ത്രിയെ കാണാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമെടുത്തു. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീയതി തീരുമാനിച്ചത്. എന്നിട്ടും അവസാന നിമിഷം അവര്‍ സര്‍വ്വകക്ഷി സംഘത്തില്‍ നിന്നും പിന്മാറി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളപ്പൊക്ക ദുരിതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിയെ കാണുന്ന ദിവസത്തിലാണ് പ്രതിപക്ഷ ഉപനേതാവ് ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്. സോളാര്‍ തട്ടിപ്പ് ഇടതുമുന്നണിയുടെ കാലത്താണ്. അന്ന് 14 കേസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം വന്നതും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും യു.ഡി.എഫിന്റെ കാലത്താണ്. എന്നിട്ടും സമരവുമായി മുന്നോട്ടു പോകുന്ന നടപടി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Latest