സെക്രട്ടേറിയേറ്റ് ഉപരോധം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍

Posted on: August 9, 2013 11:24 am | Last updated: August 10, 2013 at 8:58 pm
SHARE

secretariat

തിരുവന്തപുരം: ഇടതു മുന്നണി പ്രഖ്യാപിച്ച അനിശ്ചിതകാല സെക്രട്ടേറിയേറ്റ് ഉപരോധത്തെ നേരിടാന്‍ യുദ്ധസമാന സന്നാഹങ്ങളുമായി സര്‍ക്കാര്‍ ഒരുങ്ങുന്നു. എല്ലാ കവാടങ്ങളിലും ഉപരോധം അനുവദിക്കില്ല. ഈ കവാടത്തിലൂടെ മന്ത്രിമാര്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രവേശനം സാധ്യമാക്കാന്‍ കമ്മീഷണര്‍ ഓഫീസില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു.

20 കമ്പനി കേന്ദ്ര സേന ഞായറാഴ്ച്ച തലസ്ഥാനത്തെത്തും. സമരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്ര സേന സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കും. അന്യ ജില്ലകളില്‍ നിന്ന് വരുന്ന പ്രവര്‍ത്തകരെ ജില്ലാ അതിര്‍ത്തികളില്‍ തടഞ്ഞി തിരിച്ചയക്കും. ലോറികളില്‍ ആളുകളെ കൊണ്ടുവന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള ശക്തമായ നടപടികളുപയോഗിച്ച് നേരിടുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

സമരക്കാര്‍ക്ക് തമസിക്കാന്‍ റൂമുകള്‍ നല്‍കരുതെന്ന് പോലീസ് നഗരത്തിലെ ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടത്തില്‍ പോലീസിന് വേണ്ടി ഫോട്ടോ എടുക്കാന്‍ തയ്യാറായിരിക്കണമെന്ന് നഗരത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേ സമയം സര്‍ക്കാര്‍ ഭീതി സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പരിപാടി സംഘടിച്ചപ്പോള്‍ പോലൂം കേന്ദ്ര സേനയെ വിളിക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വിളിക്കുന്നത് ഇരട്ടത്താപ്പാണ്. സമരത്തെ പരാജയപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.