Connect with us

Kerala

'അഞ്ചാം മന്ത്രി' എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം: ലീഗിനെതിരെ വീക്ഷണം

Published

|

Last Updated

കൊച്ചി: ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച കെ എന്‍ എ ഖാദറിന്റെ ലേഖനത്തിന് മറുപടിയായി ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാന ആവശ്യവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണെന്ന് വീക്ഷണത്തിലെ ലേഖനം.

“സംഘപരിവാറിനെ സുഖിപ്പിക്കുന്ന ഖാദര്‍” എന്ന തല്ലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസിനെ വിരട്ടാന്‍ നോക്കണ്ട എന്നതാണ് ലേഖനത്തിന്റെ ആകെത്തുക.

വീക്ഷണം കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ പി മുഹമ്മദലിയാണ് ലേഖനം എഴുതിയത്.

” മുന്നണി രാഷ്ട്രീയത്തിന്റെ സദാചാരങ്ങള്‍ പാലിക്കാതെ കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ നോവിക്കുന്ന നടപടികള്‍ പരിധി വിടുമ്പോള്‍ പ്രതിരോധിക്കാനും പ്രതികരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വരും” എന്ന് ലേഖനത്തില്‍ പറയുന്നു.

” കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരവും സോളാര്‍ വിവാദവുമാണെന്ന ഖാദറിന്റെ നിരീക്ഷണം ചിരിയുളവാക്കുന്നു. 2011ല്‍ അധികാരമേറ്റ് കുതിപ്പ് ആരംഭിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ശനിദശ ആരംഭിച്ചത് അഞ്ചാം മന്ത്രി വിവാദത്തോടെയാണ്. ലീഗിലെ ആഭ്യന്ത കലാപത്തിന്റെ ദുര്‍ഭഗ സന്തതിയായിരുന്നു അഞ്ചാം മന്ത്രി സ്ഥാനവും അതിന് ഉപയോഗിച്ച സമ്മര്‍ദ്ദ തന്ത്രവും”- ലേഖനം പറയുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ വെടിപ്പുരയില്‍ പിറന്ന കോണ്‍ഗ്രസിനെ മോഡി ഫോബിയ എന്ന ഉടുക്കു കാട്ടി പേടിപ്പിക്കണ്ട. കെ എന്‍ എ ഖാദറിനെ മോഡി ആരാധകനെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അതില്‍ തെറ്റില്ലെന്നും ലേഖനത്തില്‍ പറയുന്നു.