Connect with us

Gulf

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം

Published

|

Last Updated

മസ്‌കത്ത്: വിദ്യാര്‍ഥികള്‍ സ്വകാര്യ വാഹനങ്ങളില്‍ വരികയും പോവുകയും ചെയ്യരുതെന്നും നിര്‍ബന്ധമായും സ്‌കൂള്‍ ബസ് ഉപയോഗിക്കണമെന്നും അറിയിച്ച് ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് പുറപ്പെടുവിച്ച സര്‍കുലര്‍ പിന്‍വലിച്ചു. നേരത്തെയുണ്ടായിരുന്ന രീതിയില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍കുലറില്‍ ഓപറേഷന്‍സ് മാനേജര്‍ സതീഷ്‌കുമാര്‍ വ്യക്തമാക്കി. സര്‍കുലര്‍ സ്‌കൂളിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇതു സംബന്ധിച്ചു വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍കുലര്‍ പിന്‍വലിക്കുന്നതെന്നും ഇന്ത്യന്‍ സ്‌കൂള്‍ വ്യക്തമാക്കി. ദാര്‍സൈത്ത് സ്‌കൂള്‍ പരിസരത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള റോയല്‍ ഒമാന്‍ പോലീസ് വിശദീകരണമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്. ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും എന്നാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു പോലീസ് വിശദീകരണം. ഈ വാര്‍ത്ത വന്നതോടെ സമ്മര്‍ദത്തിലായ സ്‌കൂള്‍ മാനേജ്‌മെന്റ് സര്‍കുലര്‍ പിന്‍വലിച്ച് മറ്റൊരു സര്‍കുലര്‍ ഇറക്കുകയായിരുന്നു.

ദാര്‍സൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റോയല്‍ ഒമാന്‍ പോലീസ്, മസ്‌കത്ത് നഗരസഭാ അധികൃതരുമായു നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനപ്രകാരം എന്നറിയിച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബസ് ഉപയോഗിക്കണമെന്ന് മെയ് 16ന് പുറത്തിറക്കിയ സര്‍കുലറില്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ ദാര്‍സൈത്ത് ലുലു പാര്‍കിംഗിലോ ചര്‍ച്ച് ഏരിയയിലെ പാര്‍കിംഗിലോ കുട്ടികളെ ഇറക്കണമെന്നും ഇവിടെ നിന്നും സ്‌കൂള്‍ ബസില്‍ വരണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
സ്‌കൂള്‍ ബസ് തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശം രക്ഷാകര്‍ത്താക്കളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വലിയൊരു വിഭാഗം രക്ഷിതാക്കളും സ്വന്തം വാഹനങ്ങളുള്ളവരും രാവിലെ ജോലിക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും കുട്ടികളെ സ്‌കൂളില്‍ കൊണ്ടു വിടുകയും തിരിച്ചെടുക്കുകയും ചെയ്യുന്നവരാണ്. സ്‌കൂള്‍ ബസ് തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശം രക്ഷിതാക്കള്‍ക്ക് സാമ്പത്തികഭാരമുണ്ടാക്കുന്ന താണെന്നും വിമര്‍ശനമുണ്ടായിരുന്നു. ബന്ധുക്കളോടൊപ്പവും മൂന്നും നാലും കുടുബങ്ങളിലെ കുട്ടികള്‍ ഒന്നായുമെല്ലാം സ്വകാര്യ വാഹനങ്ങളില്‍ സ്‌കൂളിലെത്തുന്നുണ്ട്. ഈ സാഹചര്യങ്ങളെയെല്ലാം ഇല്ലാതാക്കുന്നതാണ് ഐ എസ് എം നിര്‍ദേശമെന്നാണ് രക്ഷിതാക്കള്‍ പരാതിയ പറഞ്ഞിരുന്നു.

ഐ എസ് എം നിര്‍ദേശത്തിനു പിറകേ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളും കുട്ടികളുടെ യാത്ര സ്‌കൂള്‍ ബസിലാക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കാന്‍ തയാറെടുത്തിരുന്നു. കുട്ടികളുടെ യാത്രാകൂലി വര്‍ധിപ്പിക്കാന്‍ ദാര്‍സൈത്ത് സ്‌കൂള്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നിലധികം കുട്ടികള്‍ പഠിക്കുന്ന രക്ഷിതാക്കള്‍ക്ക് കനത്ത ബാധ്യത വരുത്തുന്നതാണ് തീരുമാനം. ഇതിനെതിരെയും രക്ഷിതാക്കള്‍ രംഗത്തു വന്നു. സ്വാകാര്യ വാഹനങ്ങളില്‍ കുട്ടികള്‍ വരുന്നതിന് വിലക്കേര്‍പെടുത്തിയിട്ടില്ലെന്ന് പിന്നീട് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചിരുന്നു.

അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ വീണ്ടും തുറക്കാനിരിക്കേ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഫീസ് വര്‍ധനവുള്‍പെടെയുള്ള പ്രശ്‌നങ്ങളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വിവാദങ്ങളുണ്ടായിരുന്നു. അധ്യയന വര്‍ഷത്തിന്റെ അവസാനം മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ രാജിയും വിവാദങ്ങള്‍ക്കിടയാക്കി.