Connect with us

Gulf

280 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി; 200 കടകള്‍ക്കെതിരെ നടപടി

Published

|

Last Updated

ഷാര്‍ജ: റമസാനില്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ 100 കണക്കിന് കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തതായി അധികൃതര്‍. വ്യക്തമാക്കി. 200 കടകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് താക്കീത് നല്‍കുകയോ പിഴ ഇടുകയോ ചെയ്തിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയതിനുമാണ് നടപടി. ഷാര്‍ജ എമിറേറ്റിലെ മധ്യ ജി ല്ലയായ അല്‍ ദേര നഗരസഭയിലാണ് നടപടിക്ക് വിധേയമായ കടകള്‍.
280 കിലോ ഗ്രാം പഴകിയ മാംസവും മത്സ്യവും 208 തരം കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍, 160 ലിറ്റര്‍ കാലാവധി കഴിഞ്ഞ പാനീയങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തത്, ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരായാണ് നടപടിയെന്ന് ദൈദ് നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ജഅഫരി അല്‍ കെത്ബി വ്യക്തമാക്കി. നഗരസഭയുടെ ഉദ്യോഗസ്ഥര്‍ റമസാന്‍ പ്രമാണിച്ച് നടത്തിയ പരിശോധനാ കാമ്പയിനിലാണ് ഇവ കണ്ടെത്തിയതും നടപടി സ്വീകരിച്ചതും.
ആരോഗ്യ സുരക്ഷ ഉറപ്പാക്കാതെ ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്തതുമായി ബന്ധപ്പെട്ടാണ് മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷ്യവസ്തുക്കള്‍ ശരിയായ ഊഷ്മാവില്‍ റെഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കാതിരിക്കുക, നിലവാരം കുറഞ്ഞ അറ്റകുറ്റ പണികള്‍ തുടങ്ങിയവയും നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ശുചിത്വവുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഫറ്റേരിയകളിലും റസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ളവയിലെ ജീവനക്കാര്‍ നഖം നീട്ടി വളര്‍ത്തിയാല്‍ 100 ദിര്‍ഹം വീതം പിഴ ഈടാക്കും. ലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്നും 400 ദിര്‍ഹം വരെ പിഴയായി വസൂലാക്കും. നഗരസഭയുടെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടച്ചുപൂട്ടുകയും കടയുടമക്ക് 1,200 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യും. രാത്രി കാലങ്ങളില്‍ പല കടകളും റെഫ്രിജറേറ്ററുകള്‍ ഓഫ് ചെയ്തിടുന്ന പ്രവണതയാണ് കൂടുതലായും നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ടത്. വൈദ്യുതി ചാര്‍ജ് ലാഭിക്കാന്‍ ലക്ഷ്യമിട്ടാണ് പലരും ഇത്തരം തെറ്റായ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇത് ഭക്ഷ്യവസ്തുക്കള്‍ കേടാവാനും ഫംഗസ് ബാധക്കും ഇടയാക്കും.
ഇത്തരം റഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്നും ഭക്ഷ്യ വിഷബാധ സംഭവിക്കാന്‍ ഇടയുണ്ട്. ഇത് ഗൗരവമേറിയ പ്രശ്‌നമാണ്. ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജീവാപായം സംഭവിക്കാനും ഇത് ഇടവരുത്തും. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ നഗരസഭയുടെ ടോള്‍ഫ്രീ നമ്പറായ 993ല്‍ ബന്ധപ്പെടേണ്ടതാണ്. ഇത്തരം പരാതികളില്‍ അന്വേഷിച്ച് കര്‍ശനമായ നടപടി നഗരസഭ സ്വീകരിക്കുമെന്നും ഡയറക്ടര്‍ മുഹമ്മദ് ജഅഫരി വ്യക്തമാക്കി.
ഷാര്‍ജയിലെ വിവിധ മാര്‍ക്കറ്റുകളില്‍ ഷാര്‍ജ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരുന്നുണ്ട്. പ്രധാനമായും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളിലാണ് പരിശോധന. പടക്കം ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ചെറിയപെരുന്നാള്‍ പ്രമാണിച്ച് പലരും അനധികൃതമായി കുട്ടികള്‍ക്ക് പടക്കം വില്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ 5,000 ദിര്‍ഹം പിഴ ചുമത്തും. വില്‍പ്പനക്ക് വെച്ച മുഴുവന്‍ വസ്തുക്കളും കണ്ടുകെട്ടുമെന്ന് ഷാര്‍ജ നഗരസഭയുടെ സുരക്ഷക്കും പരിശോധനക്കുമുള്ള വിഭാഗത്തിന്റെ തലവന്‍ നാസര്‍ സയീദ് അല്‍ ദുനൈജിയും മുന്നറിയിപ്പ് നല്‍കി. തെറ്റ് ആവര്‍ത്തിക്കുന്ന കേസുകളില്‍ 10,000 ദിര്‍ഹമാവും. പിഴക്കൊപ്പം കട അടച്ചുപൂട്ടുകയും ചെയ്യും. അനധികൃതമായി വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്കെതിരായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ നഗരസഭയുടെ പരിശോധനക്കും ഓപറേഷന്‍സിനുമുള്ള വിഭാഗത്തിന്റെ തലവന്‍ ഉമര്‍ അല്‍ ശാര്‍ജിയും മുന്നറിയിപ്പ് നല്‍കി.

 

Latest