Connect with us

Gulf

യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ആര്‍ ടി എ

Published

|

Last Updated

ദുബൈ: യാത്രക്കാര്‍ക്കു മികച്ച സേവനം ഉറപ്പുവരുത്താന്‍ ആര്‍ ടി എ ക്രമീകരണം ഏര്‍പ്പെടുത്തി. തിരക്കേറിയ മേഖലകളെ തരംതിരിച്ചു ഗതാഗതം നിയന്ത്രിക്കുകയും കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കുകയും ചെയ്യും. പ്രധാനമേഖലകളില്‍ പാര്‍ക്കിംഗിനായി കൂടുതല്‍ മേഖലകള്‍ സജ്ജമാക്കും.
റോഡരികിലും ഡിവൈഡറുകള്‍ക്കു സമീപവും അടിഞ്ഞുകൂടിയ മണല്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ നടപടിയെടുക്കും. പാര്‍ക്കിംഗ് മേഖലകള്‍, പാലങ്ങള്‍, ടണലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ നടപടികള്‍ക്കൊപ്പം ശുചീകരണവും ഉറപ്പാക്കും. ദുബൈ മാള്‍ മേഖലക്ക് മുഖ്യപരിഗണന നല്‍കും.
മാളിലെ പാര്‍ക്കിംഗ് മേഖല നിറഞ്ഞാല്‍ തിയറ്ററിനു സമീപത്തും ട്രേഡ് സെന്റര്‍ യാഡിലും ക്രമീകരണം ഏര്‍പ്പെടുത്തും. സന്ദര്‍ശകരെ മാളിലെത്തിക്കാന്‍ ഷട്ടില്‍ ബസ് സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന പാതകളില്‍ കൂടി മാത്രം യാത്രചെയ്യാതെ ഉപപാതകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ഇത് പ്രധാനപാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായകമാകും.
ബിസിനസ് ബേ, ഫൈനാന്‍ഷ്യല്‍ സെന്റര്‍ ഭാഗങ്ങളില്‍ തിരക്കു കൂടാന്‍ സാധ്യതയുണ്ട്. ബസുകള്‍ക്കും ടാക്‌സികള്‍ക്കും യാത്രക്കാരെ കയറ്റാനും ഇറക്കാനും പ്രത്യേക മേഖലകളുണ്ടാകും. തിരക്കനുഭവപ്പെടുന്ന ഫെസ്റ്റിവല്‍ സിറ്റി ഭാഗത്തും വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തും. എമിറേറ്റ്‌സ് സ്‌റ്റേഷനിലേക്കു ഷട്ടില്‍ ബസുകളുണ്ടാകും. ടാക്‌സികള്‍ യഥാസമയം കിട്ടാതിരുന്നാല്‍ അനുഭവപ്പെടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ കഴിയുന്നതും പൊതുബസുകളും മെട്രോയും ഉപയോഗപ്പെടുത്തണമെന്നും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധവും പരിസ്ഥിതിക്കു ഹാനികരമല്ലാതെയുമുള്ള ഗതാഗതസംവിധാനമാണു ലക്ഷ്യമിടുന്നതെന്നു റോഡ്‌സ് ആന്‍ഡ് ഫെസിലിറ്റീസ് മെയിന്റനന്‍സ് ഡയറക്ടര്‍ നാസിം ഫൈസല്‍ പറഞ്ഞു.
ടണലുകളിലും പാലങ്ങളിലും മണല്‍ക്കാറ്റിലും മറ്റും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യും. വാഹനങ്ങളില്‍ നിന്നു റോഡില്‍ വീണ ഓയിലും ഗ്രീസുമെല്ലാം കഴുകി വൃത്തിയാക്കും. മത്സ്യമാര്‍ക്കറ്റിലെ ഒഴികെ എമിറേറ്റിലെ പാര്‍ക്കിംഗ് മേഖലകളില്‍ ബുധനാഴ്ച മുതല്‍ മൂന്നാം പെരുന്നാള്‍ വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഒന്നാം പെരുന്നാളിനും രണ്ടാം പെരുന്നാളിനും അവധിയായിരിക്കും.
റാശിദിയ, എമിറേറ്റ്‌സ് മാള്‍, ഇബ്ന്‍ ബത്തൂത്ത, അബു ഹെയ്ല്‍, ഇത്തിസലാത്ത്, ബുര്‍ജ് ഖലീഫ സ്‌റ്റേഷനുകളിലെ മെട്രോ ഫീഡര്‍ ബസ് സര്‍വീസുകള്‍ രാവിലെ ആറിനു തുടങ്ങി രാത്രി ഒന്നിന് അവസാനിക്കും. കൊമേഴ്‌സ്യല്‍, ഇന്റര്‍സിറ്റി ബസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗുബൈബ ബസ്‌സ്‌റ്റേഷനില്‍ നിന്നുള്ള ഇന്റര്‍സിറ്റി ബസുകള്‍ മുഴുവന്‍ സമയവും ഉണ്ടായിരിക്കും. സബ്ക, യൂണിയന്‍ സ്‌ക്വയര്‍ സ്‌റ്റേഷനുകളില്‍ നിന്നു രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ടുവരെയാണു സര്‍വീസ്. ദേര സിറ്റി, കറാമ സ്‌റ്റേഷനുകള്‍ രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കും.
ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്‌റ്റേഷനില്‍ നിന്നു ബര്‍ദുബൈയിലേക്കു നോണ്‍ സ്‌റ്റോപ് സര്‍വീസ് ഉണ്ടാകും. ദേര, അബുദാബി എന്നിവിടങ്ങളിലേക്കു രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ടുവരെയും ഫുജൈറ, അജ്മാന്‍, ഹത്ത എന്നിവിടങ്ങളിലേക്കു രാവിലെ ആറുമുതല്‍ രാത്രി പത്തുവരെയുമാണു സര്‍വീസ്.

Latest