Connect with us

Gulf

സന്ദര്‍ശകരുടെ എണ്ണം 50,000 കടന്നു

Published

|

Last Updated

ദുബൈ: ഈ മാസം ഒന്നിന് ദുബൈയില്‍ ആരംഭിച്ച റമസാന്‍ രാത്രികാല ചന്തയില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം 50,000 കടന്നതായി മുഖ്യ സംഘാടകരായ സുമാന്‍സ എക്‌സിബിഷന്‍സിന്റെ സി ഇ ഒ സുനില്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. ആദ്യ അഞ്ചു ദിവസങ്ങളിലെ കടക്കാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
നഗരവാസികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. പൊതുവില്‍ മാളുകളിലും മറ്റും കാണാന്‍ സാധിക്കാത്ത പല അപൂര്‍വ്വ ഉല്‍പ്പന്നങ്ങളും ചന്തയില്‍ എത്തുന്നവര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ ഹാള്‍ നമ്പര്‍ ഏഴ്, എട്ട് എന്നിവയിലാണ് ചന്ത നടന്നുവരുന്നത്. രാത്രി ഒമ്പത് മുതല്‍ 11 വരെ ദിനേന രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ച് വരുന്നു. പ്രധാനമായും ചിത്ര രചനാ മത്സരമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാണികളായി എത്തുന്നവര്‍ക്ക് കാണാവുന്ന രീതിയിലാണ് കുട്ടികളുടെ മത്സരം സജ്ജീകരിച്ചിരിക്കുന്നത്. വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ആദ്യ 12 സ്ഥാനക്കാര്‍ക്ക് ഷാര്‍പ്പ് ഇലക്ട്രോണിക്‌സ് നല്‍കുന്ന സമ്മാനങ്ങള്‍ നല്‍കും. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് ചന്ത പ്രവര്‍ത്തിക്കുക.
ചെറിയ പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 12 വരെയാവും സമയം. ഓഗസ്റ്റ് പത്തിന് അവസാനിക്കും.
അറേബ്യന്‍ സൂക്ക്, ഫാഷന്‍ പവലിയന്‍, ഫുഡ് പവലിയന്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ബേ, സ്‌പെഷല്‍ കിഡ്‌സ് സോണ്‍ എന്നിവയാണ് ഈ വര്‍ഷത്തെ ആകര്‍ഷണം. 400 ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അഞ്ച് വേറിട്ട പവലിയനുകളും ഇവിടെയുണ്ട്. സാധനങ്ങള്‍ പരമാവധി വിലപേശി വാങ്ങാന്‍ അവസരം ഉണ്ടെന്നതാണ് ചന്തയുടെ പ്രത്യേകത.
ഗിഫ്റ്റ് ഐറ്റംസ്, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി ഭൂമിക്ക് താഴെയുള്ള വില്‍പ്പനക്കുള്ളതെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 10 ദിവസത്തെ മേളയില്‍ ഒരു ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.