Connect with us

Gulf

കട വിപുലീകരണം; മലയാളി ഊരാക്കുടുക്കില്‍

Published

|

Last Updated

അല്‍ ഐന്‍: കെട്ടിട ഉടമയുടെ അനുമതിയില്ലാതെ റസ്‌റ്റോറന്റ് വിപുലീകരണം നടത്തിയ ഉടമക്കും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലേറ്റെടുത്ത കരാറുകാരനുമെതിരെ കെട്ടിട ഉടമ കേസ് ഫയല്‍ ചെയ്തു. അല്‍ ഐന്‍ മുറബ്ബ പോലീസ് സ്‌റ്റേഷനു സമീപം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി നടത്തിവരുന്ന റസ്റ്റോറന്റിലാണ് അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവര്‍ത്തനങ്ങളും നടത്തിയത്.
റസ്റ്റോറന്റിനത്ത് കെട്ടിടത്തിനു താങ്ങായി തിന്നിരുന്ന കോണ്‍ക്രീറ്റ് ബീം പൊളിച്ചതാണ് കേസ് ഫയല്‍ ചെയ്യാന്‍ കാരണം. അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കെട്ടിട ഉടമ ഫലജ് ഈസ അല്‍ ഫലാഹി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. റസ്‌റ്റോറന്റ് ഉടമയും കരാറുകാരനും കൂട്ടുകാരുടെ പാസ്‌പോര്‍ട്ട് വെച്ച് ജാമ്യത്തില്‍ ഇറങ്ങി.
ഭാവിയില്‍ കെട്ടിടത്തിനു ഹാനികരമാവുന്ന രീതിയില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ താനായിരിക്കും ഉത്തരവാദിയെന്നും കരാറില്‍ എഴുതി ഒപ്പിട്ട ശേഷമാണ് റസ്റ്റോറന്റ് ഉടമക്ക് ജാമ്യം ലഭിച്ചത്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റസ്റ്റോറന്റ് അടഞ്ഞുകിടക്കുകയാണ്.
റമസാനിലാണ് റസ്‌റ്റോറന്റുകളിലും കഫ്‌റ്റേരിയകളിലും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നഗരസഭ വിപുലീകരണവും അറ്റകുറ്റപ്പണികളും നടത്താന്‍ നിര്‍ദേശിക്കുന്നതും നോമ്പുകാലത്താണ്. ഒത്തുതീര്‍പ്പിനു കെട്ടിട ഉടമ വഴങ്ങാത്തതിനാല്‍ ആശങ്കയിലാണ് ഈ മലയാളി.