Connect with us

Gulf

സഊദിയുടെ മാസപ്പിറവി നിരീക്ഷണം: ആശയക്കുഴപ്പം സൃഷ്ടിച്ച് സന്ദേശങ്ങള്‍

Published

|

Last Updated

മസ്‌കത്ത്: ഈ വര്‍ഷം 28 ദിനങ്ങള്‍ കൊണ്ട് വിശുദ്ധ റമാസന്‍ വ്രതം അവസാനിച്ചേക്കാമെന്നും ഇന്ന് (ബുധന്‍) ഈദുല്‍ ഫിത്വര്‍ ആകാന്‍ സാധ്യതയുമുണ്ടെന്ന വാര്‍ത്ത ഇന്നലെ ഗള്‍ഫ് നാടുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയകളിലുള്‍പെടെ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായി. പെരുന്നാളായി പ്രഖ്യാപിക്കുകയാണെങ്കില്‍ ഒരു വ്രതം പകരമായി പിന്നീട് അനുഷ്ഠിക്കേണ്ടി വരുമോ തുടങ്ങിയ ചര്‍ച്ചകളും നടന്നു.

ചൊവ്വാഴ്ച വൈകുന്നേരം ചന്ദ്രപ്പിറവി നിരീക്ഷിക്കണമെന്ന് സഊദി സുപ്രീം കോടതിയാണ് നിര്‍ദേശിച്ചത്. ഇത് ഇന്നലെ മാധ്യമങ്ങളില്‍ വന്നതോടെയാണ് ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടത്. സഊദിക്കു പുറത്തുള്ള മറ്റു ഗള്‍ഫ് മാധ്യമങ്ങള്‍ കൂടി ഈ വാര്‍ത്ത നല്‍കിയതോടെ ഗള്‍ഫിലാകെ സന്ദേശം പടരുകയും ആശയക്കുഴപ്പം വ്യാപിക്കുകയും ചെയ്തു. 30 വര്‍ഷത്തിനു മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും റമസാന്‍ 28ന് ചന്ദ്രപ്പിറവി ദൃശ്യമാകാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ചുള്ള വിദഗ്ധരുട വിശദീകരണം. ഈ വര്‍ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാണ് റമാസന്‍ പ്രഖ്യാപിച്ചിരുന്നത്. ചന്ദ്രോദയം ദൃശ്യമായില്ലെങ്കിലും ശഅബാന്‍ 29ന് ആകാശത്ത് ചന്ദ്രോദയം സംഭവിച്ചിട്ടുണ്ടെങ്കില്‍ റമസാന്‍ 28 ആയി കണക്കാക്കിയ ഇന്നലെ ചന്ദ്രോദയത്തിനു സാധ്യതയുണ്ടെന്നും വിശദീകരണമുണ്ടായി. ഇങ്ങനെ വന്നാല്‍ വിശ്വാസികള്‍ ഒരു നോമ്പ് പിന്നീട് ഖളാഅ് വീട്ടേണ്ടി വരുമെന്ന് ഐ സി എഫ് ഒമാന്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം സഅദി പറഞ്ഞു.
അതിനിടെ ബുധനാഴ്ച പെരുന്നാളാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത ഇന്നലെ ആശങ്കയിലാക്കിയത് വ്യാപാര മേഖലയിലാണ്. സാധ്യതാദിനം വ്യാഴാഴ്ചയായി പരിഗണിച്ചാണ് പെരുന്നാള്‍ കച്ചവടങ്ങള്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നത്. സഊദിയില്‍ രാവിലെ മുതല്‍ തന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ സജീവ ചര്‍ച്ചയായിരുന്നുവെന്നും വ്യാപാര മേഖലയില്‍ വാര്‍ത്ത വലിയ ചലനം സൃഷ്ടിച്ചുവെന്നും റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പര്‍ച്ചേസ് മാനേജര്‍ അന്‍വര്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
നിരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ഇന്ന് പെരുന്നാളില്ലെന്നു സഊദി അധികൃതര്‍ രാത്രി പ്രഖ്യാപിച്ചതോടെയാണ് ഇതു സംബന്ധിച്ച് ആശങ്ക നീങ്ങിയത്. ഇതോടെ നാളെ പെരുന്നാളാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിയാണ്.
സഊദി അറേബ്യയിലെ പ്രഖ്യാപനത്തിനനുസരിച്ച് മറ്റു ഏതാനും ഗള്‍ഫ് നാടുകളും പെരുന്നാള്‍ പ്രഖ്യാപിക്കുക പതിവുണ്ട്. എന്നാല്‍ ഒമാന്‍ സ്വന്തമായ നിരീക്ഷണത്തിലൂടെയുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പെരുന്നാള്‍ പ്രഖ്യാപിക്കുക.

Latest