Connect with us

Kozhikode

മലയോരത്ത് കുന്നിടിക്കല്‍ വ്യാപകം; ജനം ഭീതിയില്‍

Published

|

Last Updated

താമരശ്ശേരി: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴക്കിടയിലും മലയോരമേഖലയില്‍ കുന്നിടിക്കല്‍ വ്യാപകം. കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലെ വിവധ പ്രദേശങ്ങളിലാണ് വ്യാപകമായി കുന്നിടിച്ച് നിരത്തുന്നത്. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, വെട്ടിഒഴിഞ്ഞതോട്ടം പ്രദേശങ്ങളില്‍ നിരവധി കേന്ദ്രങ്ങളിലാണ് കുന്നിടിക്കലും വ്യാജ മണല്‍ നിര്‍മാണവും നടക്കുന്നത്.
നാട്ടുകാരുടെ നിരന്തര പരാതിയെതുടര്‍ന്ന് റവന്യൂ വകുപ്പും പോലീസും നേരത്തെ ഇടപെട്ട് കുന്നിടിക്കല്‍ തടഞ്ഞിരുന്നുവെങ്കിലും കുന്നിടിക്കല്‍ ഇപ്പോഴും തുടരുകയാണ്. പോലീസിലെയും റവന്യൂ വകുപ്പിലെയും ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക മാസപ്പടി നല്‍കിയാണത്രെ കുന്നുകള്‍ ഇടിച്ച് നിരത്തി മണല്‍ നിര്‍മിക്കുന്നത്. നാട്ടുകാരുടെ എതിര്‍പ്പ് മറികടക്കാന്‍ പരിസരവാസികള്‍ക്കും പണവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട്. ഇതോടെ കുന്നിടിക്കലിനെ എതിര്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് പ്രവൃത്തി എളുപ്പമാക്കുന്നത്.
വലിയ കുന്നുകള്‍ ഇടിച്ച് നിരത്തുന്നത് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നത് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്. കുന്നിടിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മഴവെള്ളത്തോടൊപ്പം വന്‍തോതില്‍ മണ്ണ് ഒലിച്ചിറങ്ങുന്നതും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.
കഴിഞ്ഞ ആഗസ്റ്റില്‍ ശക്തമായ മഴക്കിടെയാണ് പുല്ലൂരാംപാറയിലും മഞ്ഞുവയലിലും ഉരുള്‍പൊട്ടിയത്. കോളിക്കല്‍ കയ്യൊടിയന്‍പാറ മലയിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഉുള്‍പൊട്ടലുണ്ടായിരുന്നു. പ്രദേശത്തിന്റെ നാശത്തിന് കാരണമായേക്കാവുന്ന ദുരന്തം സംഭവിക്കും മുമ്പ് കുന്നിടിക്കലിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Latest