Connect with us

Malappuram

ബാപ്പുട്ടി യാത്രയായത് ജോലിചെയ്ത് വാങ്ങിയ പുത്തനുടുപ്പ് അണിയാനാകാതെ

Published

|

Last Updated

കാളികാവ്: കൂരിപ്പൊയിലില്‍ മണല്‍ലോറിയുടെ മരണപ്പാച്ചിലില്‍ ലോറിക്കടിയില്‍പെട്ട് ദാരുണമായി മരണപ്പെട്ട തെക്കുംപുറത്തെ മാഞ്ചേരിക്കുരിക്കള്‍ ഷഫീഖ്(16) എന്ന ബാപ്പുട്ടി യാത്രയായത് ജോലി ചെയ്ത് വാങ്ങിയ പുത്തനുടുപ്പ് അണിയാനാകാതെ. വ്യാഴാഴ്ചയാണ് കോളജില്‍ നിന്ന് നാട്ടിലെത്തിയത്.
പനികാരണം നേരത്തെ നാട്ടിലെത്തിയ ഷഫീഖ് മൂന്ന് ദിവസം മുമ്പാണ് പെരുന്നാളിന് ഉടുക്കാന്‍ പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിയത്. പെരുന്നാള്‍ സുദിനത്തില്‍ എറണാകുളത്തേക്ക് സുഹൃത്തുക്കളുമൊത്ത് ടൂറ് പോകാനും പദ്ധതിയിട്ടിരുന്നു.കോളജ് പഠനത്തിനും മറ്റും അവധിക്കാലത്ത് കടകളില്‍ നിന്നും മറ്റ് ചെറിയ ജോലികള്‍ ചെയ്തുമാണ് ഷഫീഖ് പണം കണ്ടെത്തിയിരുന്നത്. പിതാവിനെ ആശ്രയിക്കാതെ തന്നെ സ്വന്തം പ്രയത്‌നം കൊണ്ട് പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ബാപ്പുട്ടിയുടെ ആഗ്രഹം.
ഹൈസ്‌കൂള്‍ വരേയുള്ള പഠനം നിലമ്പൂരിലെ യത്തീം ഖാനയിലായിരുന്നു. എസ് എസ് എല്‍ സിക്ക് ശേഷം ഈ വര്‍ഷമാണ് അരീക്കോട് കുനിയിലെ അന്‍വാറുല്‍ ഉലൂം അറബിക് കോളജില്‍ ചേര്‍ന്നത്. കോളജ് പ്രവേശനത്തിന് മുമ്പ് അവധിക്കാലത്ത് പെരിന്തല്‍മണ്ണയിലെ ഒരു ടെക്‌സ്റ്റൈല്‍സില്‍ ജോലിചെയ്തിരുന്നു.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കൂരിപ്പൊയിലിലെ കടയില്‍ നിന്നും നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് മണല്‍ ലോറി ഷഫീഖിന്റെ പിറകിലിടിച്ച് അടിയില്‍ പെട്ട് ദാരുണമായി മരിച്ചത്. ലോറിയുടെ മുന്നിലെ ടയറിനടിയില്‍ നിന്നും ലോറി മറിച്ചിട്ടാണ് ഷഫീഖിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.