സിന്‍ഡിക്കേറ്റ് പ്രതിനിധികളില്ല; ജില്ലയിലെ വിദ്യാഭ്യാസ മേഖലക്ക് അവഗണന

Posted on: August 7, 2013 12:25 am | Last updated: August 7, 2013 at 12:25 am
SHARE

മാനന്തവാടി: കണ്ണൂര്‍ യുണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ ജില്ലയില്‍ നിന്നും പ്രതിനിധികളില്ലാത്തത് ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.

എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സിന്‍ഡിക്കേറ്റങ്ങളായി രണ്ട് പേരും സെനറ്ററായി ഒരാളും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഒരു പ്രതിനിധി പോലുമില്ലാത്തത് ജില്ലയോടുള്ള കടുത്ത അവഗണനയായി മാറുന്നു. യൂണിവേഴ്‌സിറ്റിയുടെ ഒരു സെന്ററും, എഞ്ചിനിയറിംഗ്, ഗവ: എയ്ഡഡ്, സ്വാശ്രയ കോളേജുകളും യൂണിവേഴ്‌സിറ്റിയുടെ കൂഴില്‍ ഇവിടെയുണ്ടായിട്ടും യൂണിവേഴ്‌സിറ്റിയുടെ അവഗണന തുടരുകയാണ്. യൂണിവേഴ്‌സിറ്റി ഇര്‍ഫര്‍മേഷന്‍ സെന്ററിന്റെ അഭാവം ജില്ലയിലെ വിദ്യാര്‍ത്ഥികളെ വളരെയധികം വലക്കുന്നു. പുതിയ കോഴ്‌സുകള്‍, കോളേജുകള്‍, അഫിലിയേഷന്‍, ഒഴിവുള്ള തസ്തികളിലെ നിയമനങ്ങള്‍ എന്നിവയെല്ലാം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് സിന്‍ഡിക്കേറ്റിനുള്ളത്. എന്നാല്‍ ജില്ലയില്‍ നിന്നും ആരും തന്നെ സിന്‍ഡിക്കേറ്റില്‍ ഇല്ലാത്തതിനാല്‍ ഈ കാര്യങ്ങളിലെല്ലാം ജില്ലയോടുള്ള അവഗണന തുടരുകയാണ്. യൂണിവേഴ്‌സിറ്റിയുടെ മറ്റ് നാല് സെന്ററുകളെ അപേക്ഷിച്ച് മാനന്തവാടി സെന്ററില്‍ സ്ഥിതി വളരെ ശോചനീയമാണ്. ഈ അവസ്ഥ യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ അധികാര കേന്ദ്രങ്ങളില്‍ ജില്ലയിലെ പ്രതിനിധികള്‍ ഇല്ല എന്നുള്ളതാണ് പ്രധാന പ്രശ്‌നം. വിദൂര സ്ഥലങ്ങളില്‍ നിന്ന് പഠനത്തിനായി ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പണി പൂര്‍ത്തീകരിച്ച യൂണിവേഴ്‌സിറ്റി സെന്ററിലെ ഹോസ്റ്റല്‍ തുറന്ന് കൊടുക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല എന്നുള്ളത് വയനാടിനോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ രണ്ട് പ്രതിനിധികളുടെ ഒഴിവുണ്ട്. ഇതില്‍ ഒന്നിലെങ്കിലും വയനാടിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.