Connect with us

Wayanad

സ്ത്രീകളുടെ ജീവിതനിലവാരം: അത്ഭുതം കൂറി ബീഹാര്‍ സംഘം

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ബീഹാറില്‍നിന്നെത്തിയ സംഘത്തിന് വയനാട്ടിലെ ഗ്രാമീണ സ്ത്രീകളുടെ ജീവിതനിലവാരം കണ്ടപ്പോള്‍ അത്ഭുതം. ബീഹാറിലെയും കേരളത്തിലെയും ഗ്രാമീണസ്ത്രീകളുടെ ജീവിതനിലവാരത്തില്‍ അജഗജാന്തരമുണ്ടെന്ന് പറയുന്നതില്‍ അവര്‍ക്ക് ജാള്യവുമില്ല. കേരളത്തില്‍ ഒരാഴ്ചയോളം തങ്ങി കണ്ടും കേട്ടും പഠിച്ച കാര്യങ്ങളില്‍ നാടിനിണങ്ങുന്നവ പകര്‍ത്തുന്നതിലൂടെ ഗ്രാമീണസ്ത്രീകളുടെ ജീവിതസാഹചര്യങ്ങളും സാമൂഹികാന്തസും മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും ബീഹാറില്‍നിന്നെത്തിയ ചെറുപ്പക്കാര്‍ക്കുണ്ട്.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം(ജീവിക) വിജയകരമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനു ബീഹാറില്‍നിന്നു 32 പേര്‍ കേരളത്തിലെത്തിയത്. ഇതില്‍ ഗയ ജില്ലയിലെ ബോധ്ഗയ “ജീവിക” കോ ഓര്‍ഡിനേറ്റര്‍ വിജേന്ദ്രസിംഗ്, മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരായ(എം.ഇ.സി.) രാജേഷ് രഞ്ജന്‍ ഭാരതി, സനോജ്കുമാര്‍,പവന്‍കുമാര്‍, സണ്ണികുമാര്‍ എന്നിവരടങ്ങുന്നതാണ് വയനാട്ടില്‍ വന്ന സംഘം. കൊല്ലം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലായിരുന്നു ഗ്രൂപ്പ്തിരിഞ്ഞ് സംഘത്തിലെ മറ്റംഗങ്ങളുടെ പഠനം. ജൂലായ് 28ന് കേരളത്തിലെത്തിയ ഇവര്‍ ചൊവ്വാഴ്ച ബീഹാറിലേക്ക് മടങ്ങി.
വയനാട്ടിലെത്തിയ ബീഹാര്‍ സംഘം കുടുംബശ്രീ സംരംഭങ്ങായ അമ്പലവയല്‍ അക്ഷയ സ്റ്റിച്ചിംഗ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ് സെന്റര്‍, തോമാട്ടുചാല്‍ മൈത്രി ന്യൂട്രിമിക്‌സ്, ബത്തേരി മഹാത്മ വാഴനാര് ഉല്‍പന്ന നിര്‍മാണ കേന്ദ്രം, നെ•േനി സ്വാതി കറി പൗഡര്‍ യൂനിറ്റ്, പൂതാടി ഇരുളം എസ്.എ. മിനി സൂപ്പര്‍ മാര്‍ക്കറ്റ് ആന്‍ഡ് ബേക്കറി, ബത്തേരി ചെതലയം ഐശ്വര്യ സംയുക്ത ബാധ്യതാസംഘത്തിന്റെ നെല്‍കൃഷി തുടങ്ങിയവാണ് പഠനവിധേയമാക്കിയത്.
ബീഹാറിലെ 38 ജില്ലകളില്‍ 21 എണ്ണത്തില്‍ “ജീവിക” പ്രാവര്‍ത്തികമാക്കുന്നുണ്ട്. ഗയ, മുസഫിര്‍ ജില്ലകളിലാണ് പൈലറ്റ് പ്രൊജക്ട്. ഗയ ജില്ലയിലെ ബോധ്ഗയ ബ്ലോക്കില്‍ മാത്രം 1695 വനിതാ അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവയില്‍ ഒന്നുപോലും കേരളത്തിലേതുപോലെ വരുമാനദായക സംരംഭങ്ങള്‍ നടത്തുന്നില്ല. അതിനാല്‍ത്തന്നെ അയല്‍ക്കൂട്ടം അംഗങ്ങളായ സ്ത്രീകളുടെയും അവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെയും ജീവിതനിലവാരവും മെച്ചപ്പെട്ടതല്ല. കേരളത്തില്‍നിന്നു പഠിച്ച പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ ഈ സ്ഥിതിക്ക് മാറ്റംവരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോ ഓര്‍ഡിനേറ്റര്‍ വിജേന്ദ്രസിംഗ് പറഞ്ഞു.
ബീഹാറില്‍ ഗ്രാമീണ ജനത വിവിധങ്ങളായ ചൂഷണങ്ങളാണ് നേരിടുന്നതെന്ന് ജീവിക പദ്ധതിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി മുസഫിര്‍, ഗയ ജില്ലകളില്‍ കുടുംബശ്രീ നിയോഗിച്ച ആറ് മെന്റര്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരില്‍ ഒരാളായ ബത്തേരി സ്വദേശി എ.കെ.ശിവപ്രദീപ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദിന്റെയും ശിവപ്രസാദിന്റെയും മേല്‍നോട്ടത്തിലായിരുന്നു വയനാട്ടില്‍ ബീഹാര്‍ സംഘത്തിന്റെ പഠനം.
ബീഹാറില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ആണിനും പെണ്ണിനും ദിവസം 168 രൂപ കൂലിയുണ്ട്. എങ്കിലും തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം ഗ്രാമങ്ങളില്‍ നന്നേ കുറവാണ്. ഭൂവുടമകള്‍ക്ക് കീഴിലാണ് ഗ്രാമീണരില്‍ പലരുടെയും കൂലിവേല. ആണുങ്ങള്‍ക്ക് 150 രൂപയാണ് പരമാവധി ദിവസക്കൂലി. സ്തീകള്‍ക്ക് മൂന്ന് ലിറ്റര്‍ അരിയും. കൂലി പണമായി കിട്ടുന്ന സ്ത്രീകള്‍ ഗ്രാമങ്ങളില്‍ വിരളമാണ്. ഗ്രാമവാസികളുടെ പിന്നാക്കാവസ്ഥ മനസിലാക്കാന്‍ ഇതുതന്നെ ധാരാളം-ശിവപ്രദീപ് പറഞ്ഞു.
ബീഹാറില്‍ പലേടത്തും ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് എം.ഇ.സിമാരായ രാജേഷ് രഞ്ജന്‍ ഭാരതി, സനോജ്കുമാര്‍ എന്നിവര്‍ വിശദീകരിച്ചു. ബോധ്ഗയ ബ്ലോക്കില്‍പ്പെട്ട 17 ഗ്രാമപ്പഞ്ചായത്തുകളില്‍ ഒന്നിനുപോലും ഓഫീസില്ല. മരച്ചുവടുകളിലും ഷെഡ്ഡുകളിലുമൊക്കെയാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗം ചേരുന്നത്.
ഗ്രാമസഭകളെയും അവയുടെ അധികാരങ്ങളെയുംകുറിച്ച് പഞ്ചായത്ത് അംഗങ്ങള്‍ക്കുപോലും പിടിപാടില്ല. അത്യാവശ്യമാണെങ്കില്‍ക്കൂടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ കാണാന്‍ നാലും അഞ്ചും ദിവസം കാത്തിരിക്കേണ്ട സാഹചര്യവും ഉണ്ട്-അവര്‍ പറഞ്ഞു.
“ജീവിക” നടത്തിപ്പിനായി ബീഹാറില്‍ എം.ഇ.സിമാരായ തെരഞ്ഞെടുത്ത ചെറുപ്പക്കാര്‍ക്ക് ആറുമാസം നീളുന്ന പരിശീലനമാണ് കുടുംബശ്രീ മൂഖേന നല്‍കുന്നത്. സംരംഭങ്ങളുടെ ആസൂത്രണം മുതല്‍ ഉല്‍പന്ന വിപണം വരെയുള്ള വിഷയങ്ങള്‍ പരിശീലനപരിപാടിയുടെ ഭാഗമാണ്. എം.ഇ.സിമാരില്‍ പത്താംക്ലാസുകാര്‍ മുതല്‍ ബിരുദധാരികള്‍വരെയുണ്ട്. കേരളത്തിലെത്തിയ സംഘാംങ്ങള്‍ ഹൃദിസ്ഥമക്കിയ പാഠങ്ങള്‍ ഉന്നതതലത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയശേഷമായിരിക്കും ബീഹാറിലെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന സംരംഭങ്ങളുടെ രൂപകല്‍പനയെന്ന് ശിവപ്രദിപ് പറഞ്ഞു.

Latest