ഇടുക്കി ദുരന്തം: ഒറ്റക്കെട്ടായി നേരിടാന്‍ സര്‍വകക്ഷി ആഹ്വാനം

Posted on: August 7, 2013 12:09 am | Last updated: August 7, 2013 at 12:09 am
SHARE

തിരുവനന്തപുരം: രാഷ്ട്രീയകക്ഷി ഭേദമന്യേ ഇടുക്കി ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. രാവിലെ ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം വൈകിട്ട് മൂന്ന് മണിയോടെ തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ദുരന്തത്തിന്റെ യഥാര്‍ഥ മുഖം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി പങ്ക് വെച്ചു.

കേന്ദ്ര ദുരന്ത നിവാരണ സേനയുടെ നാല് കമ്പനികളാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും രണ്ട് കമ്പനികള്‍ കൂടി ഉടന്‍ സ്ഥലത്തെത്തുമെന്നും മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തെ അറിയിച്ചു. നിലവില്‍ മൂന്ന് ടീം ഇടുക്കിയിലും ഒരു സംഘം മൂവാറ്റുപുഴയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ലഭ്യമായ കണക്ക് അനുസരിച്ച് 16 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 13 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ളവരാണ്. എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. അടിമാലിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് പോയപ്പോള്‍ അവിടെ ഒരു കാറും ഒരു മൃതദേഹവും മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയതായി അറിഞ്ഞു. ഒന്നില്‍ കൂടുതല്‍ ഉണ്ടോയെന്ന് സംശയമുള്ളതായി സേനാ വിഭാഗം അറിയിച്ചു. രണ്ട് ദിവസങ്ങളിലായി ഇടുക്കി ജില്ലയില്‍ 46 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല സ്ഥലത്തും റോഡ് ഗതാഗതം പൂര്‍ണമായി പുന:സ്ഥാപിക്കാനായിട്ടില്ല. എല്ലായിടത്തും എല്ലാവരുടെയും സഹകരണത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
അടിമാലി ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയപ്പോള്‍ തന്നെ കേന്ദ്രത്തെ സമീപിച്ച് അടിയന്തര സഹായം ആവശ്യപ്പെടുകയും എ കെ ആന്റണി, സുശീല്‍കുമാര്‍ ഷിന്‍ഡെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കേന്ദ്രം ആവശ്യത്തിന് സേനയെ അയച്ചുതന്നു. കരസേനയുടെ മൂന്ന് യൂനിറ്റുകള്‍ ഇടുക്കി, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായുണ്ട്. ഓരോ യൂനിറ്റിലും 70 പേര്‍ വീതമുണ്ട്. ഇതിനു പുറമെ കരസേനയില്‍ നിന്ന് 40 എന്‍ജിനീയറിംഗ് വിദഗ്ധരും എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
134. 5 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. തമിഴ്‌നാടിനോട് എടുക്കാവുന്നത്ര വെള്ളം എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 134 അടിയിലാണ് ആദ്യ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് തിങ്കളാഴ്ച തന്നെ നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ ജലനിരപ്പും കൂടുതലാണ്. അണക്കെട്ട് നിറഞ്ഞിട്ടുണ്ട്. കടുത്ത മഴയാണെങ്കില്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടാകും. എല്ലാ പ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ പാര്‍ട്ടികളിലെയും നേതാക്കന്മാര്‍ ഒരുമിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നതിനെ കുറച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കം സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത നേതാക്കളിലധികവും ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1 .5 ലക്ഷമാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമായി 50,000 രൂപ കൂടി ഉള്‍പ്പെടുമ്പോഴാണ് രണ്ട് ലക്ഷമാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. വീടുകളും കടകളും നഷ്ടമായവരും പട്ടയം ലഭിച്ചിട്ടില്ലാത്തവരുമായവരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ളയും സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും ആവശ്യപ്പെട്ടു. ഡാമുകളില്‍ അടിഞ്ഞിട്ടുള്ള ചെളിയും മണലും വാരി ഡാമുകളുടെ ജലസംഭരണ ശേഷി വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 2000 രൂപയുടെ ദുരിതാശ്വാസം പലര്‍ക്കും ലഭിച്ചിട്ടില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ദൈനംദിന ചെലവുകള്‍ക്ക് നല്‍കുന്ന പണത്തിന് പരിധി വെക്കരുതെന്നും ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു. ദുരിതബാധിതര്‍ക്കായി ആവശ്യത്തിന് പണം ചെലവഴിക്കാനാണ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 64. 89 കോടി ഇതിനായി കലക്ര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ വില്ലേജുകള്‍ക്ക് 86 കോടിയും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.