കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ പ്രവേശന പരീക്ഷ റദ്ദാക്കണം: വി ആര്‍ കൃഷ്ണയ്യര്‍

Posted on: August 7, 2013 12:08 am | Last updated: August 7, 2013 at 12:08 am
SHARE

കൊച്ചി: രഹസ്യമായി കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനിച്ച പ്രവേശന പരീക്ഷ റദ്ദാക്കണമെന്നും എന്‍ട്രന്‍സ് കമ്മീഷണറുടെ ചുമതലയില്‍ പുതിയ പരീക്ഷ നടത്തണമെന്നും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും പ്രൊഫ. എം കെ സാനുവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരീക്ഷയുടെ മേല്‍നോട്ടം ജയിംസ് കമ്മീഷനെ ഏല്‍പ്പിക്കണം. സ്വകാര്യ കോളജുകളുടെ പരീക്ഷപോലും ജയിംസ് കമ്മിറ്റിയുടെ ചുമതലയില്‍ എന്‍ട്രന്‍സ് കമ്മീഷണറാണ് നടത്തിയതെന്നിരിക്കെ സഹകരണ മെഡിക്കല്‍ കോളജില്‍ ഇത്തരത്തിലൊരു രഹസ്യ പരീക്ഷ നടത്തുന്നതിനു പിന്നില്‍ രഹസ്യഅജന്‍ഡയുണ്ടെന്നും അവര്‍ പറഞ്ഞു.

പരീക്ഷ നടത്താന്‍ ഒരു മാസം മുമ്പെങ്കിലും നോട്ടിഫിക്കേഷന്‍ നല്‍കേണ്ടതാണെങ്കിലും സഹകരണ മെഡിക്കല്‍ കോളജില്‍ ഒരാഴ്ച മുന്‍പ് മാത്രമാണ് നോട്ടിഫിക്കേഷന്‍ നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷം തിങ്കളാഴ്ച രാത്രിയാണ് വെബ്‌സൈറ്റില്‍ വിവരം നല്‍കിയിരിക്കുന്നത്. വരുന്ന ഞായറാഴ്ചയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഏജന്‍സിയെക്കൊണ്ടാണ് എം ബി ബി എസ് പ്രവേശന പരീക്ഷ നടത്തുന്നത് . ഏത് ഏജന്‍സിയാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നതെന്നും ആരാണ് മൂല്യനിര്‍ണയം നടത്തുന്നതെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയിട്ടില്ല. പ്രവേശനപരീക്ഷക്ക് ജയിംസ് കമ്മിറ്റിയുടെ അനുമതി തേടാത്തത് എന്തുകൊണ്ടാണെന്നും പരീക്ഷ നടത്തുന്നതില്‍ നിന്ന് എന്‍ട്രന്‍സ് കമ്മീഷനറെ ഒഴിവാക്കിയതെന്തുകൊണ്ടാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കണം . പ്രവേശന പരീക്ഷയുടെ മറവില്‍ പണം പിരിക്കാനുള്ള നീക്കം വഞ്ചനാപരമാണ്. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിലരുടെ ദുരാഗ്രഹം മൂലം യോഗ്യരായ നിരവധി കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here