Connect with us

Ongoing News

എ ടി എം കൗണ്ടര്‍ തകര്‍ക്കാനായില്ല; കവര്‍ച്ചാശ്രമം പാളി

Published

|

Last Updated

കല്‍പറ്റ: എ ടി എം കൗണ്ടറിനകത്തെ ഇരുമ്പു പെട്ടി കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാനുള്ള ശ്രമം വിഫലമായി. എ ടി എം കൗണ്ടറില്‍ സ്ഥാപിച്ച സി സി ടി വി ക്യമാറ ദൃശ്യങ്ങളില്‍ നിന്ന് മുഖംമൂടി ധരിച്ച രണ്ട് കവര്‍ച്ചക്കാരുടെ ചിത്രങ്ങള്‍ കണ്ടെത്തി. ബത്തേരിക്കടുത്ത മൂലങ്കാവ് ടൗണിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം അര്‍ധ രാത്രി രണ്ടരമണിയോടെ കവര്‍ച്ചാശ്രമം നടന്നത്.

കവര്‍ച്ചാ സംഘം കമ്പിപ്പാര ഉപയോഗിച്ച് ഖജനാവ് കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട പരിസരവാസികള്‍ ബത്തേരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടംഗ കവര്‍ച്ചാ സംഘം ഇരുളില്‍ ഓടി മറിഞ്ഞു. കൗണ്ടറിന് വെളിയില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ കുറച്ചു നേരത്തേക്കുള്ള ദൃശ്യങ്ങളാണ് പതിഞ്ഞിട്ടുള്ളത്. കമ്പിപ്പാരയും കത്തിയുമായി മുഖം മൂടി ധരിച്ച രണ്ടു പേര്‍ കൗണ്ടറിനകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ക്യാമറ ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇത് അടിച്ച് തകര്‍ത്ത ശേഷമാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കൗണ്ടറിനകത്തെ ക്യാമറ പ്രവര്‍ത്തിക്കാത്തത് കാരണം ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പണം നിറച്ച എ.ടി.എം ഷെല്‍ഫ് കമ്പിപ്പാര കൊണ്ടുളള കുത്തേറ്റ ചതഞ്ഞിട്ടുണ്ട്. പൊലീസ് എത്തിയില്ലായിരുന്നുവെങ്കില്‍ വന്‍ കവര്‍ച്ച തന്നെ നടക്കുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി സി ഐ ജസ്റ്റിന്‍ അബ്രഹാം, എസ് ഐ പ്രവീണ്‍ കുമാര്‍ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. സുല്‍ത്താന്‍ ബത്തേരിയിലും പരിസരത്തും കവര്‍ച്ചയും വാഹന മോഷണവും പതിവായിരിക്കയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മൂന്ന് വിലപിടിപ്പുള്ള വാഹനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ടൗണിലെ മൊബൈല്‍ ഷോപ്പ് കുത്തിതുറന്ന് കടയിലുണ്ടായിരുന്ന മുഴുവന്‍ മൊബൈലുകളും മോഷ്ടിച്ചിരുന്നു.
മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ പട്ടണമായ സുല്‍ത്താന്‍ ബത്തേരിയില്‍ നിരന്തരമയി നടന്നു കൊണ്ടിരുന്ന കവര്‍ച്ചക്കും വാഹന മോഷണത്തിനും ഇടക്കാലത്ത് വലിയൊരു ശമനമുണ്ടായിരുന്നു.

 

 

Latest