Connect with us

Ongoing News

കാലവര്‍ഷം:സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്

Published

|

Last Updated

തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ധനസഹായം തേടി സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന്റെ കൂടി സൗകര്യം പരിഗണിച്ച് തീയതി നിശ്ചയിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദഗ്ധരെ ഉള്‍പ്പെടുത്തി മന്ത്രിമാരുടെ തന്നെ ഒരു ഉന്നതതല സംഘം കേരളത്തിലെത്തി ഇപ്പോഴത്തെ ദുരന്തത്തെ കുറിച്ച് പഠിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത്തവണ കേരളത്തില്‍ അസാധാരണമായ സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഇപ്പോള്‍ നല്‍കുന്ന സഹായത്തിനു പുറമേ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് കൂടുതല്‍ സഹായം അഭ്യര്‍ഥിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം ഇപ്പോള്‍ ഒന്നര ലക്ഷം രൂപയാണ് നല്‍കുന്നത്. ഇത് സംസ്ഥാനം രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് ആദ്യം നല്‍കിയിരുന്നത് മുപ്പത്തിയഞ്ചായിരമായിരുന്നു. പിന്നീടത് 70,000 ആക്കി. സംസ്ഥാനം അത് ഒരു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. അതും അപര്യാപ്തമായതിനാല്‍ ഇപ്പോള്‍ രണ്ട് ലക്ഷമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതി തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് 1.30 ലക്ഷം സംസ്ഥാനം സ്വന്തം ഫണ്ടില്‍ നിന്നാണ് നല്‍കുക. വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് 35,000 നല്‍കിയിരുന്നത് അമ്പതിനായിരമാക്കി ഉയര്‍ത്തി. ഇത് കൂടാതെ ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ ചെലവുകള്‍ പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും.
ദുരന്തത്തില്‍ നാശനഷ്ടങ്ങളുണ്ടായവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിരുന്നെങ്കിലും സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഇവിടെ അഞ്ച് കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാനും 35 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനൊന്ന് ഡോക്ടര്‍മാരുടെയും 24 പാരാമെഡിക്കല്‍ സ്റ്റാഫിന്റെയുമാണ് പുതിയ തസ്തികകള്‍.