ട്രെയിനുകളില്‍ സൗരോര്‍ജ എ സി കോച്ചുകള്‍ വരുന്നു

Posted on: August 7, 2013 6:00 am | Last updated: August 7, 2013 at 12:48 am
SHARE

train 3തിരുവനന്തപുരം: ട്രെയിനുകളില്‍ സൗരോര്‍ജ എ സി കോച്ചുകള്‍ വരുന്നു. വൈദ്യുതിക്കും ഡീസലിനും ചെലവേറുന്നതും ഇവയുടെ ലഭ്യതക്കുറവും കണക്കിലെടുത്താണ് സൗരോര്‍ജത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. കോച്ചുകളിലെ എയര്‍ കണ്ടീഷന്‍ സംവിധാനത്തിനും അകത്തെ വെളിച്ചം ക്രമീകരിക്കുന്നതിനുമാണ് സൗരോര്‍ജം ഉപയോഗിക്കുക.

സൗരോര്‍ജം ഉപയോഗിച്ചുള്ള ആദ്യ കോച്ച് ദക്ഷിണറെയില്‍വേയില്‍ നിന്നാകും. ഇതിനായി ദക്ഷിണ റെയില്‍വേ പദ്ധതി തയ്യാറാക്കി. മദ്രാസ് ഐ ഐ ടിയുടെ സഹായത്തോടെ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് സൗരോര്‍ജ എ സി കോച്ച് നിര്‍മിക്കുന്നത്. ഇതിനായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും മദ്രാസ് ഐ ഐ ടിയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ആദ്യമായാണ് ട്രെയിനുകള്‍ക്ക് സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ അപൂര്‍വമായി ട്രെയിനുകളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നുണ്ട്.
പ്രകൃതി ഇന്ധനങ്ങളുടെയും വൈദ്യുതിയുടെയും ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗരോര്‍ജം ഉപയോഗിക്കാനുള്ള റെയില്‍വേയുടെ തീരുമാനം. കോച്ചുകളിലെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് സംവിധാനമാണ് നിലവിലുള്ളത്. ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍കാറുകളും ട്രെയിനിന്റെ വേഗത്തില്‍ നിന്ന് ഊര്‍ജം സംഭരിക്കുന്നതിനുള്ള ഡയനാമോ സംവിധാനവുമാണിവ. ശതാബ്ദി, തുരന്തോ, രജധാനി ഡബിള്‍ഡെക്കര്‍ ട്രെയിനുകളുടെ കോച്ചുകളിലാണ് ഡീസല്‍ പവര്‍ കാറുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റു ട്രെയിനുകളില്‍ സാധാരണ ഡയനാമോ സംവിധാനവും. ട്രെയിനുകളുടെ ടയറുകള്‍ക്ക് അടുത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ജനറേറ്റര്‍ സംവിധാനം വഴിയാണ് വൈദ്യുതിയുണ്ടാക്കുന്നത്. ഇത് തകരാറിലാകുന്നത് മൂലം പലപ്പോഴും ട്രെയിനുകളിലെ എയര്‍കണ്ടീഷനിംഗ് പ്രവര്‍ത്തനം തടസ്സപ്പെടാറുണ്ട്.
സൗരോര്‍ജ കോച്ചുകളുടെ വിവിധ മാതൃകകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. മദ്രാസ് ഐ ഐ ടി യിലെ പ്രൊഫസര്‍മാരും ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.
പദ്ധതി വിജയകരമായാല്‍ ആദ്യ ഘട്ടത്തില്‍ പവര്‍ കാറുകള്‍ ഒഴിവാക്കും. ഒരേ റൂട്ടില്‍ തന്നെ വ്യത്യസ്ഥ കാലാവസ്ഥകളിലൂടെ കടന്നു പോകുന്നുവെന്നതിനാല്‍ ട്രെയിനുകളിലെ എ സി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയെന്നത് വെല്ലുവിളിയാണ്. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് മൂലം യാത്രക്കാരും റെയില്‍വേ ജീവനക്കാരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടാകാറുമുണ്ട്. ഇതിനെല്ലാമുള്ള ശാശ്വത പരിഹാരം പുതിയ സംവിധാനത്തിലൂടെ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പല നീക്കങ്ങളും റെയില്‍വേ നടത്തുന്നുണ്ട്. വിന്‍ഡ് മില്ലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് എത്തിക്കുന്ന പദ്ധതി റെയില്‍വേ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. വന്‍കിട ഉപഭോക്താക്കളുടെ ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതോടെ റെയില്‍വേക്ക് നല്‍കുന്ന ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തില്‍ എ സി കോച്ചുകളിലെ സൗരോര്‍ജ പരീക്ഷണം.