വിമാനക്കമ്പനികള്‍ നിരക്ക് നാലിരട്ടി വര്‍ധിപ്പിച്ചു

Posted on: August 7, 2013 6:00 am | Last updated: August 7, 2013 at 12:49 am
SHARE

dubai inter national airport1മലപ്പുറം: പ്രവാസി മലയാളികളില്‍ നിന്ന് വിമാനക്കമ്പനികളുടെ പകല്‍ കൊള്ള തുടരുന്നു. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ വര്‍ധനവ് വരുത്തിയാണ് ചൂഷണം. പെരുന്നാള്‍ അവധി കഴിഞ്ഞ് മടങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 300 ശതമാനത്തിന് മുകളില്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

തിരക്കുള്ള സാഹചര്യം പരമാവധി മുതലെടുത്ത് യാത്രക്കാരെ പിഴിയാന്‍ വിമാനക്കമ്പനികള്‍ മത്സരിച്ചാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. റമസാന്‍ ലീവ് കഴിഞ്ഞ് ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറക്കുന്ന സമയമായതിനാല്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കേരള സെക്ടറുകളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര തിരിക്കാനിരിക്കുന്നത്. ഇവരിലധികവും കുടുംബത്തോടൊപ്പമായിരിക്കും യാത്ര ചെയ്യുക. ഇവരെയാണ് നിരക്ക് വര്‍ധനവ് ഏറെ ബാധിക്കുക. ഏഴായിരം രൂപക്ക് താഴെയാണ് നിലവില്‍ ടിക്കറ്റ് നിരക്കുണ്ടായിരുന്നത്. ഇതാണ് പുതിയ സേവനങ്ങളൊന്നും നല്‍കാതെ കൂട്ടിയിരിക്കുന്നത്. 20,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് ഇപ്പോഴത്തെ വിവിധ കമ്പനികളുടെ നിരക്ക്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, എയര്‍ അറേബ്യ, റാക് എയര്‍വെയ്‌സ്, ഇത്തിഹാദ് എയര്‍വെയ്‌സ് തുടങ്ങി എല്ലാ വിമാനക്കമ്പനികളും ഇത്തരത്തില്‍ നിരക്ക് കൂട്ടിയിട്ടുണ്ട്. എയര്‍ ദോഹക്ക് 28,000 രൂപയാണ് ടിക്കറ്റ് നിരക്ക്. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും യാത്രക്കാരെ കൊള്ളയടിക്കുന്ന രീതിയിലാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ദുബൈയിലേക്ക് 5,600 രൂപയുണ്ടായിരുന്നത് എയര്‍ ഇന്ത്യ 15,000 രൂപയായും, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 29,000 രൂപയായും കൂട്ടി. നാളെ മുതലായിരിക്കും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
ചെറിയ പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുന്നവരെല്ലാം യാത്ര പുറപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ടിക്കറ്റെടുക്കുന്നവരായതിനാല്‍ കൂടിയ നിരക്കിലുള്ള ടിക്കറ്റ് എടുക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മനസ്സിലാക്കിയാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്. എക്‌സ്പ്രസ് അടക്കമുള്ള കമ്പനികളുടെ കുറഞ്ഞ നിരക്കിലുണ്ടായിരുന്ന ടിക്കറ്റ് നിലവില്‍ ക്ലോസ് ചെയ്തിട്ടുണ്ട്. തിരക്ക് വര്‍ധിക്കുകയാണെങ്കില്‍ നിരക്ക് ഇനിയും കൂടാനും സാധ്യതയുണ്ട്. ഓണം തുടങ്ങുന്ന സെപ്തംബര്‍ 15 വരെ ഈ നിരക്ക് തുടരുമെന്നതിനാല്‍ ഓണാവധിക്ക് നാട്ടിലെത്തുന്നവരെയും ഇത് ബാധിക്കും. ആഘോഷ സമയങ്ങളില്‍ ഗള്‍ഫ് യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി നിരക്ക് കൂട്ടുന്നത് വിമാനക്കമ്പനികള്‍ പതിവാക്കി മാറ്റിയിരിക്കുകയാണ്. ഗള്‍ഫിലെ സ്‌കൂളുകള്‍ അടച്ച സാഹചര്യത്തിലും കൂടുതല്‍ യാത്രക്കാരുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് നേരത്തെ നിരക്ക് കൂട്ടിയിരുന്നു. യാത്രക്കാര്‍ കുറവുള്ളപ്പോള്‍ നിരക്ക് വെട്ടിച്ചുരുക്കുകയും തിരക്ക് കൂടുന്ന സമയങ്ങളില്‍ പതിന്‍മടങ്ങ് വര്‍ധന വരുത്തുകയുമാണ് കമ്പനികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സഊദി സ്വദേശിവത്കരണത്തെ തുടര്‍ന്ന് മലയാളികള്‍ നാട്ടിലേക്ക് തിരിക്കാനിടയായപ്പോഴും നിരക്ക് കൂട്ടി വിമാനക്കമ്പനികള്‍ ലാഭം കൊയ്തിരുന്നു.