Connect with us

Editorial

അതിര്‍ത്തിയിലെ വെടിയൊച്ചകള്‍

Published

|

Last Updated

ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്റെ പ്രകോപനപരമായ നടപടികള്‍ തുടരുകയാണ്. പൂഞ്ച് സെക്ടറില്‍ ഇന്നലെ പാക് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ വധിക്കപ്പെടുകയുണ്ടായി. ചകന്ദാബാദ് പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന ജവാന്മാര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം വെടിയുതിര്‍ത്തതെന്നാണ് ഇന്ത്യന്‍ സേനാ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. പാക് കേന്ദ്രങ്ങള്‍ ഇത് നിഷേധിക്കുന്നുമുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ പാകിസ്ഥാന്‍ നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്.
ജനുവരി ആദ്യത്തില്‍ അതിര്‍ത്തിയിലെ പൂഞ്ച് മേഖലയില്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്ന വിധം സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. അന്ന് പരസ്പരം നടത്തിയ വെടിവെപ്പില്‍ ഇരുഭാഗത്തെയും സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി. പൂഞ്ച്-റാവല്‍കോട്ട് ബസ് സര്‍വീസ് നിര്‍ത്തിവെക്കുകയും ഇന്ത്യയില്‍ നിന്നുള്ള ട്രക്കുകള്‍ അതിര്‍ത്തിയില്‍ തടയുകയും വ്യാപാരബന്ധം നിലക്കുകയും ചെയ്തു. സംഘര്‍ഷത്തിന് തുടക്കമിട്ടതാരെന്ന കാര്യത്തില്‍ ഡല്‍ഹിയും ഇസ്‌ലാമാബാദും പരസ്പരം പഴിചാരി. വസ്തുത വെളിപ്പെടുന്നതിന് ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തണമെന്ന് ഇസ്‌ലാമാബാദ് ആവശ്യപ്പെട്ടെങ്കിലും ആ നിര്‍ദേശം ഇന്ത്യ തള്ളിക്കളയുകയാണുണ്ടായത്. അതിര്‍ത്തി പ്രശ്‌നത്തെ അന്താരാഷ്ട്രവത്കരിക്കേണ്ടതില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എങ്കിലും ഇതുസംബന്ധിച്ച് യു എന്നില്‍ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ദീപ് സിംഗ് പുരിയും പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ഗീലാനിയും ഏറ്റുമുട്ടിയിരുന്നു. സൈനിക മേധാവികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധം പഴയ നില പുനഃസ്ഥാപിച്ചു വരുന്നതിനിടെയാണിപ്പോള്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.
രാജ്യത്തിന് എന്നും തലവേദനയാണ് പാക്, ചീനാ അതിര്‍ത്തികളിലെ സംഘര്‍ഷം. ചൈന അടിക്കടി അതിര്‍ത്തി ഭേദിച്ചു ഇന്ത്യയുടെ സ്ഥലം കൈയടക്കുമ്പോള്‍, വെടിവെപ്പ് കരാര്‍ലംഘനമാണ് പാകിസ്ഥാന്‍ അതിര്‍ത്തിയിലെ പ്രശ്‌നം. ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ മൂന്ന് വര്‍ഷത്തിനിടെ 188 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി മാര്‍ച്ച് നാലിന് ലോക്‌സഭയില്‍ പ്രസ്താവിച്ചിരുന്നു. 2010 മുതല്‍ 2012 വരെയുള്ള കാലയളവിലാണിത്. 2010ല്‍ 44 ഉം 2011ല്‍ 51 ഉം 2012ല്‍ 93ഉം തവണയാണ് പാക്‌സൈന്യം കരാര്‍ ലംഘിച്ച് വെടിവപ്പ് നടത്തിയത്. തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ലംഘനം പാക്കിസ്ഥാന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവരുടെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകുന്നില്ലെന്ന് ആന്റണി കുറ്റപ്പെടുത്തിയപ്പോള്‍, ഇന്ത്യയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നതെന്നും ഇന്ത്യക്ക് യുദ്ധക്കൊതിയാണെന്നുമായിരുന്നു പാക് വിദേശകാര്യമന്ത്രി ഹിനാ റബ്ബാനിയുടെ പ്രതികരണം.
വിഭജനത്തിന്റെ മുറിപ്പാടുകള്‍ വിശിഷ്യാ കാശ്മീരാണ് ഇന്ത്യാ-പാക് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. വിഭജന കാലത്ത് നാട്ടുരാജ്യമായിരുന്ന കാശ്മീരിനെ ഒരു ഭാഗത്തോടും ചേര്‍ക്കാതെ വിട്ടേച്ചു പോയത് സാമ്രാജ്യത്വത്തിന്റെ ദുഷ്ടലാക്കായിരുന്നോ എന്ന് സംശയിക്കേണ്ടതുണ്ട്. കാശ്മീരിനെച്ചൊല്ലി അതിര്‍ത്തിയില്‍ അടിക്കടി സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ ഉള്ളാലെ അവര്‍ ആഹഌദിക്കുകയാണ്. ഇന്ത്യാ, പാക് ജനതയുടെ സ്വാസ്ഥ്യം കെടുത്തുന്നതിന് പുറമെ ശാക്തിക രാഷ്ട്രങ്ങളുടെ ആയുധ വിപണികളായി ഇന്ത്യെയയും പാകിസ്ഥാനും മാറ്റിയെടുക്കാനും കാശ്മീര്‍ അവരെ സഹായിച്ചിട്ടുണ്ട്. ഇരുരാഷ്ട്രങ്ങളും വര്‍ഷാന്തം പ്രതിരോധ ബജറ്റ് വിഹിതം കുത്തനെ ഉയര്‍ത്തേണ്ടി വരുന്നത് അതിര്‍ത്തി സംഘര്‍ഷങ്ങളെച്ചൊല്ലിയാണ്. കാശ്മീര്‍ പ്രശ്‌നം എന്നും ഇതേ പടി തുടരാനാണ് അവര്‍ക്ക് താത്പര്യം.
അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് നിരവധി ചര്‍ച്ചകളും ഉടമ്പടികളുമുണ്ടായിട്ടുണ്ട്. 1972ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക് പ്രധാനമന്ത്രി സുല്‍ഫീക്കര്‍ അലി ഭൂട്ടോയും ഒപ്പ് വെച്ച ഷിംല കരാറാണ് ഇതില്‍ മുഖ്യം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റ അഭ്യര്‍ഥന പ്രകാരം പ്രശ്‌നത്തിലിടപെട്ട യു എന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ രേഖ നിയന്ത്രണ രേഖയായി അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഉടമ്പടി. ഈ രേഖ പിന്നീട് പലപ്പോഴും ലംഘിക്കപ്പെടുകയും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു. ഭരണകൂടങ്ങള്‍ സങ്കീര്‍ണ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുമ്പോഴാണ് പലപ്പോഴും അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുക്കാറെന്നത് യാദൃച്ഛികമാണോ എന്നറിയില്ല.

Latest