Connect with us

National

മോഡിക്ക് തിരിച്ചടിയായി കച്ചിലെ സിഖ് കര്‍ഷക പ്രക്ഷോഭം

Published

|

Last Updated

ഗാന്ധിനഗര്‍: ദേശീയ വ്യക്തിത്വമായി ഉയരാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിനകത്തെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് തലവേദനയാകുന്നു. കച്ച് മേഖലയിലെ സിഖ് കര്‍ഷകരുടെ പ്രശ്‌നമാണ് മോഡിയുടെ പ്രതിച്ഛായക്ക് വന്‍ പ്രഹരമേല്‍പ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കച്ചിലേക്ക് കുടിയേറിയ സിഖുകാരുടെ കൃഷിഭൂമിയില്‍ അവര്‍ക്കുള്ള ഉടമസ്ഥാവകാശം സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. ഗുജറാത്തിലെ കൃഷിഭൂമി ഗുജറാത്തുകാരല്ലാത്തവര്‍ക്ക് കൈമാറാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 1973ലെ നിയമം അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ സിഖ് കര്‍ഷകരോട് ഈ ക്രൂരത കാണിച്ചത്. 1948ലെ ബോംബെ ടെനന്‍സി ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ലാന്‍ഡ്‌സ് ആക്ടിന്റെ ചുവടു പിടിച്ചാണ് 1973ലെ നിയമം പാസ്സാക്കിയത്.
എന്നാല്‍ കച്ചിലെ കര്‍ഷകര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഇവിടുത്തെ കര്‍ഷക സംഘടനാ നേതാവ് സുരേന്ദര്‍ സിംഗ് ഭുല്ലാര്‍ പറയുന്നു. 1965ലെ ഇന്തോ- പാക് യുദ്ധത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് 10,000ത്തോളം കര്‍ഷകര്‍ അതിര്‍ത്തി പ്രദേശമായ കച്ചിലേക്ക് കുടിയേറിയത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന്റെ വികസനത്തിന് ശാസ്ത്രി കണ്ടെത്തിയ വഴിയായിരുന്നു ഇത്. ഈ കര്‍ഷകര്‍ കച്ചില്‍ വരുമ്പോള്‍ ഇവിടം തരിശു നിലമായിരുന്നു. 20,000 ഏക്കര്‍ ഭൂമിയാണ് കഠിനാധ്വാനം കൊണ്ട് ഇവര്‍ ഒന്നാന്തരം കൃഷിയിടങ്ങളാക്കി മാറ്റിയത്. അതു കൊണ്ട് തന്നെ കൃഷിഭൂമി കൈമാറ്റ നിയമത്തിന്റെ പരിധിയില്‍ ഈ ഭൂമി വരില്ലെന്ന് ഭുല്ലാര്‍ വിശദീകരിക്കുന്നു.
കച്ചിലെ കര്‍ഷകരോടുള്ള വിവേചനപരമായ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഹൈക്കോടതി ജൂണില്‍ പുറപ്പെടുവിച്ച വിധിയില്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകാനൊരുങ്ങുകയാണ് മോഡി സര്‍ക്കാര്‍. ഹൈക്കോടതി വിധി മാനിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണമെന്നും സുപ്രീം കോടതിയെ സമീപിക്കരുതെന്നും കച്ചിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
രാജ്യത്തെ സിഖ് സംഘടനകള്‍ മാത്രമല്ല വിദേശത്തെ സിഖ് കൂട്ടായ്മകളും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അമേരിക്കയിലേക്ക് മോഡിക്ക് വിസ അനുവദിക്കേണ്ടതില്ലെന്ന ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ആയിരുന്നു. വിസാ നിരോധം തുടരണമെന്ന് പ്രസിഡന്റ് ബരാക് ഒബാമയോട് സംഘടന വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രചാരണമാണ് മോഡിക്കെതിരെ അഴിച്ചുവിടുന്നത്. ബി ജെ പി പ്രസിഡന്റ് വിദേശപര്യടനം നടത്തി പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വല്ലാതെ വിയര്‍ക്കുമ്പോഴാണ് ഇത്. കാനഡയിലെ സിഖ് സമൂഹവും വിഷയം ഏറ്റെടുത്തു കഴിഞ്ഞു.
എന്‍ ഡി എയിലെ ശക്തമായ ഘടകകക്ഷിയായ ശിരോമണി അകാലി ദളിന്റെ പച്ചക്കൊടിയില്ലാതെ മോഡിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെക്കാനാകില്ല. കച്ചിലെ കര്‍ഷകരുടെ പ്രതിഷേധം എസ് എ ഡി കാര്യമായി എടുത്തിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും ഡല്‍ഹിയിലെയും നിരവധി സംഘടനകള്‍ പിന്തുണയുമായി രംഗത്തുണ്ട്. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പിന്തുണയുമുണ്ട്.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. അജൈബ് സിംഗ് ജൂണില്‍ കച്ച് സന്ദര്‍ശിച്ചിരുന്നു. ഹൈക്കോടതി വിധി മാനിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് അദ്ദേഹവും ആവശ്യപ്പെട്ടു. അതിനിടെ, പ്രശ്‌നത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമം മോഡി ആരംഭിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നാണ് അദ്ദേഹം പറയുന്നത്. 1973ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറാണ് ഗുജറാത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് കൃഷി ഭൂമി കൈമാറുന്നത് നിരോധിക്കുന്ന നിയമം പാസ്സാക്കിയതെന്നും നരേന്ദ്ര മോഡി വാദിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലുമായി മോഡി ചര്‍ച്ച നടത്തുകയും ചെയ്തു.