Connect with us

National

സംസ്ഥാന വിഭജന പ്രക്ഷോഭം:ഡാര്‍ജിലിംഗില്‍ ജി ജെ എം നേതാവ് അറസ്റ്റില്‍

Published

|

Last Updated

ഡാര്‍ജിലിംഗ്/ ഗുവാഹത്തി: ഡാര്‍ജിലിംഗില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജി ജെ എം ) നേതാവ് ബിമല്‍ ഗുരുംഗിന്റെ അടുത്ത അനുയായി അനിത് ഥാപയെ അറസ്റ്റ് ചെയ്തു. കുര്‍സ്യോംഗില്‍ നിന്നാണ് ഥാപ്പയെ അറസ്റ്റ് ചെയ്തത്. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ട് ജി ജെ എം ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് നാല് ദിവസം പിന്നിട്ടു. അതിനിടെ, ബോഡോലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ടുള്ള ബന്ദില്‍ ലോവര്‍ അസമില്‍ ജനജീവിതം സ്തംഭിച്ചു. അതിനിടെ, കര്‍ബി അംഗ്‌ലോംഗില്‍ സ്ഥിതി സാധാരണനിലയിലാകുന്നുണ്ട്.
ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കിയ ജി ജെ എമ്മിനെ സമ്മര്‍ദത്തിലാക്കാനാണ് ഥാപ്പയുടെ അറസ്റ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു. സംസ്ഥാന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്നും സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്തില്ലെന്നും ജി ജെ എം അധ്യക്ഷന്‍ ബിമല്‍ ഗുരുംഗ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഥാപ്പയെ അറസ്റ്റ് ചെയ്തത്. കുര്‍സ്യോംഗില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ്, സി ആര്‍ പി എഫ് അംഗങ്ങളുമായി തര്‍ക്കിച്ചതിനെ തുടര്‍ന്നാണ് ഥാപ്പ അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഥാപ്പയെ പോലീസ് സ്റ്റേഷനിലെത്തി പഴയ കേസുകള്‍ കൂടി ചുമത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ബന്ദ് ആരംഭിച്ചത് മുതല്‍ 51 പാര്‍ട്ടി പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബന്ദില്‍ ഡാര്‍ജിലിംഗില്‍ ജനജീവിതം സ്തംഭിച്ചു. മിരിക്, കുര്‍സ്യോംഗ്, കാളിമ്പോംഗ്, സുഖ്യാപോഖ്രി അടക്കം പ്രധാന നഗരങ്ങളിലെല്ലാം ജി ജെ എം പ്രവര്‍ത്തകര്‍ പിക്കറ്റിംഗ് നടത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നെങ്കിലും ജീവനക്കാര്‍ ഹാജരായില്ല. അതേസമയം, പശ്ചിമ ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബസുദേബ് ബാനര്‍ജി സിലിഗുരിയിലെത്തി ജില്ലാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
അതിനിടെ, ബോഡോലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ലോവര്‍ അസം ജില്ലകളായ കോക്രാജര്‍, ബോണ്‍ഗൈഗാവ്, ചിരാംഗ്, ബക്‌സ, ധൂബ്രി, ഗോല്‍പാര എന്നിവിടങ്ങളില്‍ ജനജീവതം സ്തംഭിച്ചു. ആള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയന്‍ (അബ്‌സു), യുനൈറ്റഡ് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫോറം (യു പി ഡി എഫ്), ആള്‍ കൂച്ച് രാജബോംഗ്ഷി സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ കെ ആര്‍ എസ് യു) എന്നിവയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 1500 മണിക്കൂര്‍ ബന്ദില്‍ നിന്ന് യു പി ഡി എഫ് പിന്‍മാറിയിട്ടുണ്ട്. 36 മണിക്കൂര്‍ ബന്ദ് എന്നത് എ കെ ആര്‍ എസ് യു 31 മണിക്കൂറാക്കി കുറച്ചു. അബ്‌സു ബന്ദ് 48 മണിക്കൂറാക്കി. നേരത്തെ 60 മണിക്കൂറാണ് പ്രഖ്യാപിച്ചത്. ഈദുല്‍ ഫിത്വര്‍ വരുന്നതിനാലാണിത്. വിവിധയിടങ്ങളില്‍ ദേശീയ പാത 31 ഉപരോധിച്ചിട്ടുണ്ടെങ്കിലും അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടില്ല. വിദ്യഭ്യാസ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. കര്‍ബി അംഗ്‌ലോംഗില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയതിനാല്‍ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഇവിടെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest