Connect with us

National

ഐ എ എസ് ഉദ്യോഗസ്ഥയുടെ സസ്‌പെന്‍ഷന്‍ സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എ എസ് ഉദ്യോഗസ്ഥ ദുര്‍ഗാ ശക്തി നാഗ്പാലിനെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നും തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹരജി. ക്ഷേത്രം, ചര്‍ച്ച്, പള്ളി, ഗുരുദ്വാര എന്നിവയുടെ പേരില്‍ പൊതു നിരത്തുകള്‍, പൊതു പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് കലക്ടര്‍മാരും ഉദ്യോഗസ്ഥരും അനുമതി നല്‍കരുതെന്ന 2009ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മനോഹര്‍ ലാല്‍ ശര്‍മ ഹരജി സമര്‍പ്പിച്ചത്. പള്ളിയുടെ സമീപത്തെ മതില്‍ പൊളിക്കാന്‍ ഉത്തരവ് നല്‍കിയെന്ന കാരണത്താലാണ് ഒരാഴ്ച മുമ്പ് ഗൗതം ബുദ്ധ നഗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സ്ഥാനത്ത് നിന്ന് ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ രാഷ്ട്രീയ വിഷയമായി മാറിയതിനാല്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രസഹമന്ത്രി വി നാരായണസ്വാമി എസ് പി നേതാവ് മുലായം സിംഗ് യാദവുമായി ചര്‍ച്ച നടത്തി. ദുര്‍ഗയുടെ കേസില്‍ നിയമം പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് മുലായത്തെ നാരായണസ്വാമി ധരിപ്പിച്ചു. ഈ വിഷയത്തില്‍ ഇരുപാര്‍ട്ടികളിലുമുണ്ടായ അസ്വാരസ്യങ്ങള്‍ തീര്‍ക്കാനാണ് ശ്രമം.
അതേസമയം, സര്‍ക്കാര്‍ നല്‍കിയ കുറ്റപത്രത്തിന് വിശദീകരണം നല്‍കിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ദുര്‍ഗ വിഷയത്തില്‍ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കണമെന്ന് മുലായം ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ ബില്ലിനെ പിന്തുണക്കുമെന്ന് മുലായം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അവസരത്തിലാണിത്.