ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ പെരുമ്പാമ്പ് ശ്വാസം മുട്ടിച്ച് കൊന്നു

Posted on: August 6, 2013 11:38 pm | Last updated: August 6, 2013 at 11:38 pm
SHARE

babyടൊറോന്റോ: കാനഡയിലെ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തു കടന്ന ആഫ്രിക്കന്‍ പെരുമ്പാമ്പ് അഞ്ചും ഏഴും വയസ്സ് പ്രായമുള്ള രണ്ട് സഹോദരങ്ങളെ ഉറക്കത്തില്‍ ശ്വാസം മുട്ടിച്ച് കൊന്നു. നോര്‍തേണ്‍ ന്യു ബേണ്‍സ്‌വിക്കിലെ കേന്ദ്രത്തില്‍ നിന്നാണ് ആഫ്രിക്കന്‍ റോക്ക് എന്ന വിഭാഗത്തില്‍പ്പെട്ട പാമ്പ് രക്ഷപ്പെട്ടത്. കേന്ദ്രത്തിന് മുകളിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കുട്ടികള്‍ താമസിച്ചിരുന്നത്.
പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഉടമ ജീന്‍-ക്‌ളോഡെ സവോയിയുടെ ഉറ്റ സുഹൃത്തിന്റെ മക്കളായ നോഹും കോണറുമാണ് മരിച്ചത്. പാമ്പ് എങ്ങനെയാണ് വളര്‍ത്തു കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് മുകളിലത്തെ നിലയിലെത്തിയെന്നത് ആര്‍ക്കുമറിയില്ല. കെട്ടിടത്തിലെ വെന്റിലേറ്റര്‍ വഴിയായിരിക്കാം പെരുമ്പാമ്പ് കുട്ടികളുടെ കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ കടന്നു കൂടിയതെന്ന് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലര മീറ്ററോളം നീളമുള്ള പെരുമ്പാമ്പിന് 45 കിലോഗ്രാം തൂക്കമുണ്ട്.
കുട്ടികളെ കാണാതിരുന്നതിനാല്‍ സവോയ് മുകളില്‍ ചെന്നു നോക്കി. പുറത്ത് കുട്ടികളെ കാണാതിരുന്നപ്പോള്‍ കിടപ്പുമുറിയില്‍ ചെന്നു നോക്കിയപ്പോഴാണ് കുട്ടികള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ലൈറ്റിട്ട് പരിശോധിച്ചപ്പോള്‍ മുറിയില്‍ പെരുമ്പാമ്പ് കിടക്കുന്നത് കണ്ടു. പാമ്പ് ചുറ്റിവരിഞ്ഞതിന്റെ പാടുകള്‍ കുട്ടികളുടെ ശരീരത്തിലുണ്ടായിരുന്നു.