കല്‍ക്കരി കുംഭകോണം: അന്വേഷണത്തോട് സര്‍ക്കാര്‍ സഹകരിക്കണം: സുപ്രീം കോടതി

Posted on: August 6, 2013 10:00 pm | Last updated: August 6, 2013 at 10:33 pm
SHARE

supreme courtന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട ഫയലുകള്‍ സി ബി ഐക്ക് കൈമാറണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും സുപ്രീം കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടു. ആവശ്യപ്പെട്ട ഫയലുകള്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരുമെന്ന് അന്വേഷണദ്യോഗസ്ഥരോട് കല്‍ക്കരി മന്ത്രാലയം പറഞ്ഞതായി സി ബി ഐ നേരത്തെ പരാതിപ്പെട്ടിരുന്നു. കല്‍ക്കരി മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം കുറച്ച് കാലം പ്രധാനമന്ത്രിയുടെ കീഴിലായിരുന്നതിനാല്‍ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ വിവരങ്ങളാണ് ഇത്. കുംഭകോണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2012ലാണ് വിവാദമായ കല്‍ക്കരി കുംഭകോണം പുറത്തുവരുന്നത്. ലേലം വിളിക്കാത്തത് മൂലം സ്വകാര്യ ഖനന കമ്പനികള്‍ കുറഞ്ഞ തുകക്ക് ഖനനത്തിനുള്ള അനുമതി നേടിയെടുത്തെന്നായിരുന്നു കേസ്. കല്‍ക്കരി ലൈസന്‍സ് അനുവദിക്കുന്നതില്‍ സുതാര്യത ഉണ്ടായിട്ടില്ലെന്നും സ്വകാര്യ ഖനന കമ്പനികളെ കുറിച്ച് അടിസ്ഥാനപരമായ വിവരം പോലും പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും നേരെത്ത സി ബി ഐ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണ റിപ്പോര്‍ട്ട് ഈ വര്‍ഷമാദ്യം സി ബി ഐ സുപ്രീം കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഈ മാസം 29ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.