ദുബൈ വാണിജ്യ മേഖല കുതിപ്പിലേക്ക്; ആത്മവിശ്വാസ സൂചിക വര്‍ധിച്ചു

Posted on: August 6, 2013 9:19 pm | Last updated: August 6, 2013 at 9:19 pm
SHARE

ദുബൈ: വാണിജ്യ മേഖല കുതിപ്പിലേക്കെന്ന് കണക്കുകള്‍. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ‘ബിസിനസ് കോണ്‍ഫിനന്‍സ് ഇന്‍ഡക്‌സ്’ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.6 പോയിന്റ് വര്‍ധിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ഡവലപ്‌മെന്റ് (ഡി ഇ ഡി) ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി അറിയിച്ചു.

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തേക്കാള്‍ 6.7 പോയിന്റ് വര്‍ധിച്ചിട്ടുണ്ട്.
ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചതായോ സന്തുലിതത്വം നിലനിര്‍ത്തുന്നതായോ രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ 83 ശതമാനം വരും. മിക്ക സ്ഥാപനങ്ങളും സാങ്കേതികത്തികവ് വര്‍ധിപ്പിക്കകയോ കൂടുതല്‍ പേരെ ജോലിക്കെടുക്കുകയോ ചെയ്തു.
വില്‍പ്പന, ലാഭം എന്നിവ വര്‍ധിച്ചുവെന്നാണ് ചെറുകിട ഇടത്തരം സംരംഭകരുടെ പൊതുവെയുള്ള അഭിപ്രായം. ലോകത്തിലെ മികച്ച കമ്പോളമായി വിലയിരുത്തിയവരും ഉണ്ട്. ആഭ്യന്തരോത്പാദനത്തില്‍ 4.1 ശതമാനം പേരാണ് ആദ്യപാദത്തില്‍ രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയില്‍ വലിയ ആത്മവിശ്വാസം പ്രകടമാണ്. ഭക്ഷ്യോത്പന്ന വിതരണ കേന്ദ്രങ്ങളിലും തിരക്ക് വര്‍ധിച്ചു. റമസാനില്‍ മികച്ച വ്യാപാരമാണ് നടന്നത്.
സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേര്‍ പ്രതീക്ഷയോടെയാണ് പ്രതികരിച്ചത്. വരും ദിനങ്ങളില്‍ മികച്ച വ്യാപാരം ലക്ഷ്യമിടുന്നു.
വികസനത്തിന് മുതല്‍മുടക്കാന്‍ 82 ശതമാനം ആളുകള്‍ തയാറെടുക്കുന്നതായും സമി അല്‍ ഖംസി അറിയിച്ചു.