സലാം ഹാജിയുടെ മരണം നടുക്കമായി

Posted on: August 6, 2013 9:18 pm | Last updated: August 6, 2013 at 9:18 pm
SHARE

ദുബൈ: തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശിയും ദുബൈ നോവല്‍റ്റി ഗ്രൂപ്പ് ഉടമയുമായ എബി അബ്ദുള്‍ സലാം ഹാജി (58) യെ നാട്ടില്‍ അജ്ഞാതസംഘം കൊലപ്പെടുത്തിയത് ദുബൈയിലും നടുക്കമായി. സാമൂഹികരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു സലാം ഹാജി.
രാത്രി 12 മണിയോടെയാണ് സംഭവം. കോളിംഗ് ബെല്ല് അടിച്ചപ്പോള്‍ വാതില്‍ തുറന്നതോടെയാണ് മുഖംമൂടി സംഘം വീട്ടില്‍ കടന്നത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞാതര്‍ പുറത്തുണ്ടായിരുന്ന കസേര കൊണ്ട് ഹാജിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മുഖം മാസ്‌കിംഗ് ടേപ്പ് മൂടികെട്ടുകയും കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന മകനെ ബാത്ത് റൂമിലും ഭാര്യയേയും മറ്റ് മക്കളെയും അടുക്കളയിലും പൂട്ടിയിടുകയായിരുന്നു. കൊല നടത്തിയ സംഘം വീട്ടിലുണ്ടായിരുന്ന സിസിടിവി തകര്‍ത്ത ശേഷമാണ് കടന്നുകളഞ്ഞത്. സലാം ഹാജിയുടെ മകന്‍ ഉപയോഗിച്ചിരുന്ന ഫോണും സംഘം കൈക്കലാക്കി.
ജീവകാരുണ്യരംഗത്ത് സജീവമായിരുന്ന സലാം ഹാജിയുടെ നിര്യാണം ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കനത്ത നഷ്ടമാണെന്ന് ദുബൈ കെ എം സി സി ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പറഞ്ഞു.
ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ്, വെള്ളാപ്പ് ജുമാ മസ്ജിദ് ദുബൈ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സലാം ഹാജി തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്്‌ലാമി, ദുബൈ തൃക്കരിപ്പൂര്‍ മുസ്്‌ലിം ജമാഅത്ത് സഹകാരിയായിരുന്നു. തൃക്കരിപ്പൂര്‍ മുസ്്‌ലിം ജമാഅത്തിന്റെ യോഗങ്ങള്‍ ചേര്‍ന്നിരുന്നത് പലപ്പോഴും അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ വെച്ചായിരുന്നു.
മൂത്ത മകന്‍ ശുഐബിനെ ഹാഫിളാക്കിയ അദ്ദേഹം റമസാനില്‍ അല്‍ റാസിലെ തന്റെ ഭവനത്തില്‍ മകന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്‌കാരം സംഘടിപ്പിക്കാറുണ്ടായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മകന്‍. ഭാര്യ: സുബൈദ. മറ്റുമക്കള്‍: സുമയ്യ, സുഫിയാന്‍, സഫ.
സലാം ഹാജിയുടെ നിര്യാണത്തില്‍ തൃക്കരിപ്പൂര്‍ മുജമ്മഅ് കമ്മിറ്റി അനുശോചനവും പ്രത്യേക പ്രാര്‍ഥനയും നടത്തി. അബുന്നാസര്‍ അമാനി നേതൃത്വം നല്‍കി.