Connect with us

Ongoing News

'ഇ - മണല്‍' ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Published

|

Last Updated

മലപ്പുറം: മണല്‍ പാസ് വിതരണം ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള “ഇ – മണല്‍” പദ്ധതിയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. മണലെടുപ്പിലെയും വിതരണത്തിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാധാരണക്കാര്‍ക്ക് വീട് നിര്‍മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും മണല്‍ ലഭിക്കുന്നതിനും പദ്ധതി സഹായിക്കും. “ഇ-മണല്‍” ആരംഭിച്ചാല്‍ ഒരു പാസുപയോഗിച്ച് ഒന്നിലധികം തവണ മണല്‍ കടത്തുന്നതും അനധികൃത കടത്തും തടയാന്‍ കഴിയും.

മണല്‍ കൊണ്ട് പോകുന്ന ലോറികളുടെ വാടകയില്‍ ജില്ലയില്‍ ഏകീകൃത സ്വഭാവമുണ്ടാവും. മൂന്ന് കിലോമീറ്റര്‍ വരെ ചെറിയ (മൂന്ന് ടണ്‍ കയറ്റാവുന്നവ) വാഹനങ്ങള്‍ക്കും ഇടത്തരം (അഞ്ച് ടണ്‍) വലിയ (10 ടണ്‍) വാഹനങ്ങള്‍ക്കും ഒരു നിശ്ചിത വാടകയും പിന്നീട് അധിക കിലോമീറ്ററിന് ഒരു നിശ്ചിത തുകയും നിശ്ചയിക്കും. ലോറികള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കടവ് കമ്മിറ്റികള്‍ സജീവമാക്കുകയും എല്ലാ മാസവും യോഗം ചേര്‍ന്ന് മിനുട്ട്‌സ് കലക്ടര്‍ക്ക് നല്‍കുകയും വേണം. ട്രേഡ് യൂനിയന്‍ അംഗീകൃത തൊഴിലാളികള്‍ക്ക് മാത്രമേ കടവുകളില്‍ മണല്‍ വാരാന്‍ അനുമതിയുണ്ടാവൂ. അംഗീകൃത തൊഴിലാളികളുടെ ലിസ്റ്റ് കലക്ടര്‍ക്ക് നല്‍കണം.
ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. തൊഴിലാളി യൂനിയനുകളും പഞ്ചായത്ത് പ്രസിഡന്റുമാരും സമവായത്തിലെത്തി നിശ്ചയിക്കുന്ന കൂലിയായിരിക്കും തൊഴിലാളികള്‍ക്ക് നല്‍കുക. അനധികൃതമായി മണല്‍കടത്തുകയോ അമിത കൂലി വാങ്ങുകയോ ചെയ്താല്‍ തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. അമിത വാടക ഈടാക്കുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാവും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസങ്ങളൊഴികെ എല്ലാ മാസവും മണല്‍ പാസ് വിതരണമുണ്ടാവും. കടവുകളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റമുപയോഗിച്ച് നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
വാഹനങ്ങള്‍ പുഴയിലിറക്കി മണലെടുക്കുന്നത് തടയുന്നതോടൊപ്പം പുഴകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയുമുണ്ടാകും. മണല്‍ തൊഴിലാളികളുടെ നിലവിലുള്ള കൂലി 1998 ല്‍ നിശ്ചയിച്ചതാണ്. ഇത് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ക്ഷേമ പദ്ധതി ആനുകൂല്യവും നല്‍കാന്‍ നടപടിയുണ്ടാവും. പുതിയ അംഗീകൃത കടവുകള്‍ വേണമെന്ന ആവശ്യം പരിശോധിച്ച് നിയമാനുസൃതമായി അംഗീകാരം നല്‍കും. ജില്ലയില്‍ ഇപ്പോള്‍ 165 അംഗീകൃത കടവുകളാണുള്ളത്. കടവുകളില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം പഞ്ചായത്തുകള്‍ക്കും നല്‍കും.

 

Latest