Connect with us

Malappuram

തിരുനാവായയില്‍ ബലിതര്‍പ്പണം: സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

Published

|

Last Updated

മലപ്പുറം: തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലേക്ക് ബലി തര്‍പ്പണത്തിനെത്തുന്നവരുടെ സുരക്ഷക്കായി ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി തിരൂര്‍ ആര്‍ ഡി ഒ. കെ ഗോപാലന്‍ അറിയിച്ചു. ഈ വര്‍ഷം 30,000 ത്തോളം പേര്‍ ബലിതര്‍പ്പണത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബലിതര്‍പ്പണ കടവില്‍ 130 മീറ്റര്‍ നീളത്തില്‍ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം 1500 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാഥമിക കര്‍മങ്ങള്‍ക്ക് തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ തോണികള്‍ക്ക് പുറമെ യന്ത്രവത്കൃത തോണികളും പൊലീസ് സന്നാഹവും വിന്യസിച്ചിട്ടുണ്ട്. തിരൂര്‍ സി ഐ. ആര്‍ റാഫിക്കാണ് സുരക്ഷാ സംവിധാനങ്ങളുടെ ചുമതല. തിരൂര്‍, കോട്ടക്കല്‍, കുറ്റിപ്പുറം, വളാഞ്ചേരി, കല്‍പകഞ്ചേരി പൊലീസ് സേറ്റഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടവും ഉണ്ടായിരിക്കും.
നീന്തല്‍ വിദഗ്ധരുടെയും മുങ്ങല്‍ വിദഗ്ധരുടെയും സാന്നിധ്യം പുഴയിലുണ്ടാവും. കൂടാതെ ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ്, തിരൂര്‍ ജില്ലാ ആസുപത്രിയില്‍ നിന്നുള്ള ഡോക്്ടര്‍മാര്‍ അടങ്ങുന്ന ശുശ്രൂഷാ വിഭാഗം എന്നീ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ബലിതര്‍പ്പണ കടവിലല്ലാതെ പരിസര പ്രദേശങ്ങളില്‍ കാര്‍മികളില്ലാതെ ബലിയിടാനെത്തുന്ന ഭക്തര്‍ക്കുള്ള സുരക്ഷയും ആ ഭാഗങ്ങളിലേക്ക് വെളിച്ചത്തിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന പാര്‍ക്കിംഗിനായി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പെട്രോള്‍ പമ്പിന് സമീപം സ്ഥലമൊരുക്കിയതായി ആര്‍ ഡി ഒ അറിയിച്ചു

Latest