ഗ്രാമീണ മേഖലകളില്‍ ബ്ലേഡ് മാഫിയാ സംഘങ്ങള്‍ തഴച്ചു വളരുന്നു

Posted on: August 6, 2013 1:59 am | Last updated: August 6, 2013 at 1:59 am
SHARE

കാളികാവ്: മലയോരമേഖലകളിലെ ഗ്രാമ പ്രദേശങ്ങളില്‍ ബ്ലേഡ് മാഫിയാ സംഘങ്ങള്‍ വ്യാപിക്കുന്നു. 20 ശതമാനത്തിന് മുകളില്‍ വട്ടിപ്പലിശ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന മാഫിയാ സംഘങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതാണ് ബ്ലേഡ് സംഘം തഴച്ച് വളരാനിടയാകുന്നത്.

പ്രദേശങ്ങളില്‍ ടാപ്പിംഗ് ഉള്‍പടെയുള്ള ജോലികള്‍ തടസ്സപ്പെട്ടതോടെ സാമ്പത്തികമായി പ്രയാസത്തിലായ ആളുകള്‍ നിത്യവൃത്തിക്കായി പോലും ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ബ്ലേഡ് മാഫിയാ സംഘങ്ങള്‍ കാര്‍ഡ് വെച്ച് സ്ഥലങ്ങളെ പ്രത്യേകം റൂട്ടുകളാക്കി തിരിച്ച് ആഴ്ചയില്‍ ഒരു ദിവസം പിരിവ് നടത്തി സമാന്തര ബേങ്കിങ്ങ് സംവിധാനമായി വളര്‍ന്നിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പലിശയും വട്ടിപ്പലിശയും ദിവസം തോറും വര്‍ധിച്ച് പലരും കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യയുടെ വക്കിലാണ്.
പോലീസിലെ ചിലരുടെ ഒത്താശയും ഇക്കൂട്ടര്‍ക്ക് തുണയാകുന്നു. പതിറ്റാണ്ടുകളായി ബ്ലേഡ് സംഘങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. പാതിരാത്രിയില്‍ വീട്ടില്‍ കയറി ഗുണ്ഡാവിളയാട്ടം നടത്തിയിട്ടും വാദിയെ പ്രതിയാക്കുന്ന സമീപനമാണ് ബ്ലേഡ് മാഫിയയെ സഹായിക്കാന്‍ പോലീസുകാര്‍ ചെയ്യുന്നത്.
പോലീസിലെ ഉന്നതരെ സ്വാധീനിക്കാന്‍ ബ്ലേഡ് സംഘങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ പിന്തുണകിട്ടുന്നുണ്ട്. മാഫിയാ സംഘങ്ങള്‍ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നതും അധികാരികളുടെ ഒത്താശയോടെ യെന്നും ആരോപണമുണ്ട്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു