മായാത്ത സ്മരണകളുമായി ചേറൂര്‍ ശുഹദാക്കള്‍

Posted on: August 6, 2013 1:57 am | Last updated: August 6, 2013 at 1:57 am
SHARE

തിരൂരങ്ങാടി: ചേറൂര്‍ ശുഹദാക്കള്‍ ശഹീദായിട്ട് ഇന്നേക്ക് 182 ആണ്ട് തികയുകയാണ്. റമസാന്‍ 28ന് മമ്പുറം തങ്ങളുടെ നേതൃത്വത്തില്‍ ശത്രുക്കള്‍ക്കെതിരെ നടത്തിയ യുദ്ധമാണ് ചേറൂര്‍ യുദ്ധം. ബ്രിട്ടീഷുകാരുടെ വാക്കുകള്‍ കേട്ട് ജീവിച്ചിരുന്ന ഒരുവിഭാഗം ജന്മിമാര്‍ മുസ്‌ലിംകള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അക്രമം നടത്തിയപ്പോള്‍ മഹാനായ മമ്പുറം തങ്ങളുടെ നേതൃത്വത്തില്‍ ഏഴ് പേര്‍ പ്രതിരോധത്തിനിറങ്ങി. ഏഴുപേരും ശഹീദായി. ഈ യുദ്ധത്തില്‍ മമ്പുറം തങ്ങള്‍ നേരിട്ടിറങ്ങുകയും കാലിന് മുറിവേല്‍ക്കുകയും ആ മുറിവ് പിന്നീട് വഫാത്തിന് കാരണമാകുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു. ചേറൂര്‍ ശുഹദാക്കളുടെ പേരില്‍ പല മൗലിദുകളും മാലകളും പടപ്പാട്ടുകളുമുണ്ടെങ്കിലും തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ രചിച്ച ‘അശ്ശഹാദത്തുല്‍ ഹലയ്യ: ഫീ മനാഖിബിശുഹദാഇല്‍ ചേറൂരിയ്യ’ എന്ന മൗലിദ് ഗ്രന്ഥം ഇന്ന് പ്രശസ്തമാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ശുഹാദക്കള്‍ ശഹീദായി വീണ ചേറൂരിലെ തുമര്‍ത്തി എന്ന സ്ഥലത്ത് ഒരു പള്ളിയുണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ് ആ പള്ളി പുനര്‍ നിര്‍മിച്ചു. ഇവിടെ മൂന്ന് വര്‍ഷമായി ചേറൂര്‍ ശുഹദാ സ്മാരക ദര്‍സ് നടന്ന് വരുന്നു. ഇന്ന് 19 മുതഅല്ലിമുകളും 10 നാട്ടു വിദ്യാര്‍ഥികളുമായി വിപുലമായി രീതിയില്‍ നടന്ന് വരുന്നു.