ആഷസ് ഇംഗ്ലണ്ട് നിലനിര്‍ത്തി

Posted on: August 6, 2013 1:18 am | Last updated: August 6, 2013 at 1:18 am
SHARE

England v Australia - 2013 Investec Ashes Test Series First Testമാഞ്ചസ്റ്റര്‍: ആഷസിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയിലേക്ക് തിരിച്ചെത്തി നാണക്കേടിന്റെ ഭാരം കുറക്കാനുള്ള ആസ്‌ത്രേലിയന്‍ പ്രതീക്ഷകള്‍ മഴയില്‍ ഒലിച്ചു പോയി. അഞ്ചാം ദിവസം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനെ 20.3 ഓവറില്‍ മൂന്നിന് 37 എന്ന നിലയില്‍ വരിഞ്ഞു കെട്ടാന്‍ ഓസീസിന് സാധിച്ചെങ്കിലും മഴയെ തുടര്‍ന്ന് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാഞ്ഞതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി നേടി ആഷസ് കൈവിട്ടു പോകില്ലെന്ന് ഇംഗ്ലണ്ടിന് ഉറപ്പാക്കാന്‍ സാധിച്ചു.

സ്‌കോര്‍: ആസ്‌ത്രേലിയ ഒന്നാം ഇന്നിംഗ്‌സ്- 7/527 ഡിക്ല.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ്- 10/368
ആസ്‌ത്രേലിയ രണ്ടാം ഇന്നിംഗ്‌സ്- 7/172 ഡിക്ല.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ്- 3/37.
332 വിജയ ലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെ വെട്ടിലാക്കുന്ന ബൗളിംഗാണ് ഓസീസ് ബൗളര്‍മാര്‍ പുറത്തെടുത്തത്. റണ്‍സെടുക്കാതെ അലിസ്റ്റര്‍ കുക്ക്, ജൊനാഥന്‍ ട്രോട്ട് (11), കെവിന്‍ പീറ്റേഴ്‌സന്‍ (എട്ട്) എന്നീ കരുത്തരെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കാന്‍ ഓസീസിന് സാധിച്ചിരുന്നു. എന്നാല്‍ മഴ തടസ്സപ്പെടുത്തിയതോടെ അവര്‍ക്ക് മൈതാനത്ത് നിന്ന് പിന്‍വാങ്ങേണ്ടി വന്നു. 13 റണ്‍സോടെ റൂട്ടും നാല് റണ്‍സുമായി ബെല്ലും പുറത്താകാതെ നിന്നു. ഓസീസിനായി ഹാരിസ് രണ്ടും സിഡില്‍ ഒരു വിക്കറ്റും വീഴ്ത്തി.
ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റിലും ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിലും പരാജയം രുചിച്ച ഓസീസ് മൂന്നാം ടെസ്റ്റില്‍ കരുത്തുറ്റ മടങ്ങിവരവാണ് നടത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ 187 റണ്‍സെടുത്ത നായകന്‍ ക്ലാര്‍ക്ക് മുന്നില്‍ നിന്ന് നയിച്ചതോടെ ഓസീസിന്റെ വരുതിയില്‍ കാര്യങ്ങള്‍ വന്നു. കളിയിലെ കേമനായും ക്ലാര്‍ക്കിനെ തിരഞ്ഞെടുത്തു.
ഈ മാസം ഒമ്പത് മുതല്‍ പതിമൂന്ന് വരെ ചെസ്റ്റര്‍ ലെ സ്ട്രീറ്റിലാണ് നാലാം ടെസ്റ്റ് അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here