Connect with us

Palakkad

ഡെങ്കിപ്പനി: പത്ത് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം

Published

|

Last Updated

പാലക്കാട്: ഡെങ്കിപ്പനി അപകടകരമായ വിധത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായ പത്ത് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം.
ഡെങ്കിപ്പനിയെക്കുറിച്ച് പഠിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി. ആരോഗ്യവകുപ്പ് ഇതുവരെ തുടര്‍ന്നുപോന്ന ആഴ്ചയിലൊരിക്കലുള്ള ഡ്രൈ ഡേ ആചരണം കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. ഈ മാസം 12 മുതല്‍ ജില്ലയില്‍ ഡ്രൈ ഡേ ആചരിച്ചു തുടങ്ങും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരോ ദിവസവും ഒരോ മേഖലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ പരിശോധനയും ഉണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരിക്കും പരിശോധന. പ്രതിരോധ യജ്ഞവുമായി നിസ്സഹകരിക്കുന്നവര്‍ക്കെതിരെ നടപടിയും ഉണ്ടാകും.
പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടും സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഡെങ്കിപ്പനി നിരക്ക് കുത്തനെ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായി മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി നിരക്ക് കുറയുകയാണ് വേണ്ടതെങ്കിലും ജില്ലയില്‍ നേരെ വിപരീതാവസ്ഥയാണ്. വീടുകള്‍ക്കുള്ളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ഡല്‍ഹിയില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ നിഗമനം.
ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. തുടര്‍ച്ചയായ ഡ്രൈ ഡേ ആചരണം വഴി വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാക്കി കൊതുകുകളുടെ സാന്ദ്രത കുറക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് എട്ട് പേര്‍ മരിച്ചു.
രോഗ ലക്ഷണങ്ങളോടെ 1264 പേര്‍ ചികില്‍സ തേടി. ഇതില്‍ 119 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ജില്ലയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. 22 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലാണ്.