Connect with us

Wayanad

പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

Published

|

Last Updated

കണ്ണൂര്‍: പുണ്യ റമസാന്‍ വിടവാങ്ങാന്‍ ഒരുങ്ങവെ റമസാന്‍ വിപണിയില്‍ തിരക്കേറി. റമസാന്‍ അവസാന പത്തിലേക്ക് കടന്നതോടെ തന്നെ നഗരത്തിലെ വസ്ത്രാലയങ്ങളടക്കമുള്ള വ്യാപാരശാലകളില്‍ തിരക്ക് തുടങ്ങിയിരുന്നു. വസ്ത്രാലയങ്ങള്‍ക്ക് പുറമെ ചെരിപ്പ് ഷോപ്പുകള്‍, ഫാന്‍സി കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലുമെല്ലാം തിരക്കനുഭവപ്പെടുന്നുണ്ട്. റെഡിമെയ്ഡ് ചൂരിദാറുകളോട് യുവതികള്‍ താത്പര്യം കാട്ടുമ്പോള്‍ യുവാക്കള്‍ക്ക് പ്രിയം ബ്രാന്‍ഡഡ് ഷര്‍ട്ടുകളോട്.
വിവിധ പേരിലുള്ള റെഡിമെയ്ഡ് ചൂരിദാറുകളുണ്ട്. കറാച്ചി, ഷിഫോണ്‍ ഫ്‌ളെയര്‍, സൂപ്പര്‍ നെറ്റ്, ചന്ദേരി സില്‍ക്ക്, കോട്ടണ്‍ ഫ്‌ളെയര്‍, അനാര്‍ക്കലി എന്നിവയാണ് ഇത്തവണ ചൂരിദാറില്‍ ആകര്‍ഷകമായിട്ടുള്ളത്. 8000 രൂപ വരെ വിലയുള്ള സൂപ്പര്‍നെറ്റ് മുംബൈയില്‍ നിന്നാണ് പ്രധാനമായും എത്തുന്നത്. ചൂരിദാര്‍ മെറ്റീരിയലുകള്‍ 500 രൂപ മുതല്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് ഹരമായി കളര്‍ പാന്റ്‌സുകള്‍ ഇത്തവണ വിപണിയിലെത്തിയിട്ടുണ്ട്. വ്യത്യസ്ഥ മോഡലുകളിലുള്ള കുഞ്ഞുടുപ്പുകളും വിപണിയിലുണ്ട്. ജെന്റ്‌സ് ഷോറൂമുകളിലും നല്ല തിരക്കാണനുഭവപ്പെടുന്നത്.
പെരുന്നാള്‍ തലേന്ന് കൈയില്‍ മൈലാഞ്ചിച്ചോപ്പണിയാന്‍ മൈലാഞ്ചികള്‍ക്കും നല്ല കച്ചവടമാണ്. പെരുന്നാള്‍ അടുത്തതോടെ ട്യൂബ് മൈലാഞ്ചികള്‍ ധാരാളമെത്തിയിട്ടുണ്ട്. വളകളും മാലകളും വാങ്ങാന്‍ ഫാന്‍സി ഷോപ്പുകളിലും നല്ല തിരക്ക് തന്നെയാണ്. ചെരിപ്പുകടകളിലും തിരക്കനുഭവപ്പെടുന്നു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചെറിയ പെരുന്നാളാകുമെന്നതിനാല്‍ ഇന്നും നാളെയും പെരുന്നാള്‍ വിപണിയും കൂടുതല്‍ സജീവമാകും.