അസമിലും ഡാര്‍ജിലിംഗിലും പ്രക്ഷോഭം ശക്തം

Posted on: August 6, 2013 12:27 am | Last updated: August 6, 2013 at 12:27 am
SHARE

ഗുവാഹത്തി/ ഡാര്‍ജിലിംഗ്: അസമിലും പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലും സംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായി. ബന്ദിനെ തുടര്‍ന്ന് ലോവര്‍ അസമിലും കര്‍ബി അംഗ്‌ലോംഗിലും ജനജീവിതം സ്തംഭിച്ചു. വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ബോഡോലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഇന്നലെ ആരംഭിച്ചു.
ആള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയന്‍ (അബ്‌സു) ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദും യുനൈറ്റഡ് ഡെമോക്രാറ്റിക് പീപ്പിള്‍സ് ഫ്രണ്ടിന്റെ 1500 മണിക്കൂര്‍ നീളുന്ന ബന്ദുമാണ് ഇന്നലെ ആരംഭിച്ചത്. 60 മണിക്കൂര്‍ ബന്ദിനാണ് അബ്‌സു ആഹ്വാനം ചെയ്തതെങ്കിലും ഈദുല്‍ ഫിത്വ്ര്‍ വരുന്നതിനാല്‍ സമയം കുറക്കുകയായിരുന്നു. റെയില്‍വേ ട്രാക്കുകളും ദേശീയ പാത 31ഉം സമരക്കാര്‍ ഉപരോധിച്ചതിനാല്‍ ലോവര്‍ അസമില്‍ ട്രെയിന്‍, റോഡ് ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ സംസ്ഥാനത്തെ 11 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ദീര്‍ഘദൂര ട്രെയിനുകളായ രാജധാനി എക്‌സ്പ്രസ്, സറൈഘട്ട് എക്‌സ്പ്രസ്, കാംരൂപ് എക്‌സ്പ്രസ്, ബ്രഹ്മപുത്ര മെയില്‍ തുടങ്ങിയവ ഓടുന്നുണ്ടെങ്കിലും സമയം അനുസരിച്ചല്ല. ബൊംഗയ്ഗാവ്, ചിരാംഗ്, ഗോല്‍പാര, സോനിത്പൂര്‍ എന്നിവിടങ്ങളില്‍ വാഹനം തകര്‍ക്കുകയും കല്ലേറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അധിക സ്ഥലങ്ങളിലും റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നുമുണ്ട്. ബന്ദിനെ തുടര്‍ന്ന്, വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചില്ല.
കര്‍ബി അംഗ്‌ലോംഗില്‍ വ്യാപക അക്രമങ്ങളുണ്ടായി. രാവിലെ എട്ട് മണി മുതല്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിരുന്നു. ഇത് മുതലെടുത്ത് സായുധ സംഘമാണ് പലയിടത്തും അക്രമം നടത്തിയത്. മാഞ്ചയില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ വാഹനം കത്തിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വിഫലമാക്കി. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കര്‍ബി അംഗ്‌ലോംഗില്‍ നിന്ന് സര്‍വകക്ഷി പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. തെലങ്കാന മാതൃകയില്‍ കര്‍ബി അംഗ്‌ലോംഗ് സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് എം പിമാരും എം എല്‍ എമാരുമടങ്ങുന്ന സംഘം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരെ കാണും.
അതിനിടെ, ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് ഡാര്‍ജിലിംഗ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നാല് ജി ജെ എം (ഗൂര്‍ഖ ജനമുക്തി മോര്‍ച്ച) പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അതേസമയം, സംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ട് ജി ജെ എം ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് മൂന്ന് ദിവസം പിന്നിട്ടു.
രാവിലെ ഒമ്പതരക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജി ജെ എം പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. അതേസമയം, തക്ദ വനത്തിലെ ബംഗ്ലാവ് തീവെച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം രാത്രി 16 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് തീവെപ്പുണ്ടായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരാണ് അറസ്റ്റിലായത്. ഡാര്‍ജിലിംഗിലും മലയോര പ്രദേശങ്ങളിലും ബന്ദ് പൂര്‍ണമായിരുന്നു. വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടുന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here