മുഖ്യമന്ത്രിക്ക് മുമ്പില്‍ നിറകണ്ണുകളുമായി ജയില്‍ മോചിതനായ വിനീഷ്

Posted on: August 6, 2013 12:09 am | Last updated: August 6, 2013 at 12:09 am
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വളരെ നന്ദിയുണ്ട്, ക്യാമറകള്‍ക്കു മുമ്പില്‍ നിന്ന് വിനീഷ് പാപ്പച്ചന്‍ പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു. സഊദി അറേബ്യയില്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്ന വിനീഷിന് നാട്ടില്‍ എത്തിയതും ചേമ്പറലെത്തി മുഖ്യമന്ത്രിയെ കാണാനായതും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സഊദിയില്‍ എത്തിയശേഷം നാല് മാസം മാത്രമാണ് ഇടുക്കി, കുളമാവ് സ്വദേശിയായ വിനീഷ് ജോലി ചെയ്തത്. ട്രാക്ടര്‍ ഓടിക്കവേ കാറുമായി കൂട്ടിയിടിച്ച് സഊദി സ്വദേശി മരിക്കാനിടയായതാണ് ജയില്‍ ശിക്ഷക്ക് കാരണമായത്. മരിച്ചയാളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി 36 ലക്ഷത്തിലധികം രൂപ നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. ഒരിക്കലും പുറത്തിറങ്ങാന്‍ സാധിക്കില്ലെന്ന് നിര്‍ധന കുടുംബാംഗമായ വിനീഷ് കരുതി. കുടുംബാംഗങ്ങളുടെ അപേക്ഷയില്‍ വിനീഷിനെ ജയില്‍ മോചിപ്പിക്കാന്‍ സാധ്യമായതൊക്കെ ചെയ്യുമെന്ന് പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രവാസി-നോര്‍ക്ക മന്ത്രി കെ സി ജോസഫും ഇടപെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കുകയും സഊദിയിലെ സന്നദ്ധ പ്രവര്‍ത്തകനും വ്യവസായിയുമായ ആലുങ്കല്‍ മുഹമ്മദ് നഷ്ടപരിഹാര തുക നല്‍കി വിനീഷിന്റെ മോചനത്തിന് വഴിയൊരുക്കുകയുമായിരുന്നു. വിനീഷിനെയും അമ്മയെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രിയോട് ഇനി ഗള്‍ഫിലേക്ക് പോവുകയില്ലെന്ന് വിനീഷ് പറഞ്ഞു.
നാട്ടില്‍ തന്നെ ജോലിയെടുത്ത് ജീവിക്കാനാണ് താത്പര്യം. സമാനമായ കേസുകളില്‍ ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ തിരികെ കൊണ്ടുവരാന്‍ നോര്‍ക്ക വഴി പ്രത്യേക പദ്ധതിക്ക് ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ സി ജോസഫ്, പി കെ ജയലക്ഷ്മി എന്നിവരും സന്നിഹിതരായിരുന്നു.