അട്ടപ്പാടിയിലെ അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കും: ആദിവാസി ഊരുകളില്‍ ഭക്ഷണം ഉറപ്പാക്കും

Posted on: August 6, 2013 12:02 am | Last updated: August 6, 2013 at 12:02 am
SHARE

തിരുവനന്തപുരം: അട്ടപ്പാടിയുടെ വികസനത്തിന് രൂപം കൊടുത്ത അഹാഡ്‌സ് (അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റി) പുനരുജ്ജീവിപ്പിക്കാനും ആദിവാസി ഊരുകളില്‍ ഭക്ഷണവും ധാന്യവും എത്തുന്നത് ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജപ്പാന്റെ സാമ്പത്തിക സഹായം നിലച്ചതോടെ മന്ദീഭവിച്ച അഡ്ഹാസിന്റെ പ്രവര്‍ത്തനമാണ് ഊര്‍ജിതപ്പെടുത്തുന്നത്. ഇതിനായി പദ്ധതി രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 186 ആദിവാസി ഊരുകളില്‍ ആഗസ്റ്റ് അവസാനത്തോടെ കമ്മ്യൂണിറ്റി അടുക്കളകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതുവഴി ഗര്‍ഭിണികള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം ലഭിക്കുന്നത് ഉറപ്പാക്കും. 172 അങ്കണ്‍വാടികള്‍ വഴി പാചകം ചെയ്ത ആഹാരം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.

തൊഴിലുറപ്പ് പദ്ധതി ഊര്‍ജിതപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പുറമേ അധികമായി ഒരാള്‍ക്ക് കൂടി തൊഴില്‍നല്‍കും. ഇതിന് അംഗീകാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കും. വേണ്ടിവന്നാല്‍ അധിക തുക സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുടങ്ങിക്കിടക്കുന്ന 25 ജലസേചന പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കും. 6.9 കോടിയുടെ സമഗ്ര ജലസേചന പദ്ധതി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുള്ള മുഴുവന്‍ ആദിവാസി കുട്ടികള്‍ക്കും പ്രവേശനം ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വേണ്ടിവന്നാല്‍ അധിക ബാച്ചുകള്‍ തുടങ്ങണം. സംസ്ഥാന ത്തെ ആദിവാസി കുട്ടികളില്‍ ബിരുദ പഠനത്തിന് യോഗ്യതയുള്ളവര്‍ക്കെല്ലാം പഠനത്തിന് അവസരമൊരുക്കാനും തീരുമാനമായി. അട്ടപ്പാടിക്ക് പ്രത്യേകമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും പോഷകനിലവാരം ഉറപ്പാക്കുന്നത് ഊര്‍ജിതമാക്കാനും വീടുകളില്‍ പ്രസവം നടക്കുന്നത് നിരുത്സാഹപ്പെടുത്തി വാഹനസഹായം നല്‍കി പ്രസവം ആശുപത്രിയില്‍ത്തന്നെ നടത്താന്‍ പ്രേരിപ്പിക്കുന്നതിനും കുറുമ്പര്‍ സമുദായത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, ആസൂത്രണ മന്ത്രി കെ സി ജോസഫ്, പട്ടികജാതിക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍, പട്ടികവര്‍ഗക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍, അംഗം സി പി ജോണ്‍, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.