ഇനിയും കരകയറാതെ രൂപ

Posted on: August 6, 2013 6:00 am | Last updated: August 5, 2013 at 11:50 pm
SHARE

rupeeവിദേശനാണ്യ വിപണിയില്‍ വന്‍തോതില്‍ മൂല്യ ശോഷണം നേരിടുന്ന ഇന്ത്യന്‍ രൂപയെ കര കയറ്റാനുള്ള ശ്രമങ്ങളൊന്നും ഫലം കാണുന്നില്ലെന്നാണ് രൂപയുടെ നിലവിലെ മൂല്യം കാണിക്കുന്നത്. വിദേശനാണ്യ വിപണിയില്‍ ഡോളറിനെ അപേക്ഷിച്ച് 60.88യാണ് ഇന്ത്യന്‍ രൂപയുടെ കഴിഞ്ഞ ദിവസത്തെ മൂല്യം. 61.29 എന്നു റെക്കോര്‍ഡിന് തൊട്ടടുത്തു തന്നെയാണ് രൂപ ഇപ്പോഴും നില്‍ക്കുന്നത്. മാത്രമല്ല അടുത്ത ഏഴ് മാസക്കാലയളവില്‍ പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ കഴിയില്ലെന്നാണ് മൂല്യം സംബന്ധിച്ച് ഒരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും കിണഞ്ഞുശ്രമിച്ചിട്ടും, ഡോളറിനെതിരെ റെക്കോഡ് നിലയിലേക്ക് കൂപ്പ്കുത്തിയ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുകയെന്നത് ഇപ്പോഴും പ്രതീക്ഷ മാത്രമായി നിലനില്‍ക്കുകയാണ്. അടുത്ത ഒരു മാസത്തിനകം രൂപക്ക് സ്ഥിരത കൈവരിക്കാനകുമെന്ന് വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വിദേശനാണ്യ വിപണിയിലെ നിലവിലെ സാഹചര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് സൂചനകള്‍.
അതേസമയം രൂപയുടെ മൂല്യമിടിയലിന് കാരണമായ അടിസ്ഥാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതാണ് പ്രതീക്ഷക്ക് തുരങ്കം വെക്കുന്നത്. രൂപയുടെ മൂല്യശോഷണത്തിന് പ്രധാന കാരണങ്ങളിലൊന്നായ വിദേശ നിക്ഷേപകരുടെ പിന്മാറ്റം അടുത്ത ഏഴ് മാസത്തിനിടെ വന്‍തോതില്‍ ഉണ്ടാകുമെന്നതാണ് പ്രതീക്ഷക്ക് കരിനിഴല്‍ വീഴ്ത്തുന്നത്.
ഒരു മാസത്തിനിടെ ഓഹരി വിപണിയില്‍ നിന്നും, കടപ്പത്രവിപണിയില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിച്ചിട്ടുണ്ടെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. ഓഹരി വിപണിയേക്കാള്‍ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് അനുകൂലമാകുന്ന കടപ്പത്ര വിപണിയില്‍ നിന്ന് മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടെ 20,000 കോടി രൂപയോളമാണ് പിന്‍വലിച്ചത്.
2014 മാര്‍ച്ച് 31നകം രാജ്യത്തിന്റെ വിദേശനാണ്യ നിക്ഷേപത്തില്‍ നിന്ന് 10 ലക്ഷം കോടി ഡോളര്‍ പിന്‍വലിക്കാനിരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കിയേക്കും. രാജ്യത്തിന്റെ മൊത്ത കരുതല്‍ വിദേശ നിക്ഷേപത്തിന്റെ 60 ശതമാനം വരുമിത്. 240 ബില്യന്‍ ഡോളര്‍(24,000 കോടി) വരുന്ന വിദേശ നിക്ഷേപത്തില്‍ നിന്ന് 170 ബില്യന്‍ ഡോളറും ഇത്തരത്തില്‍ അടുത്ത മാര്‍ച്ച് 31നകം പിന്‍വലിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബേങ്കിന്റെയും ഇടപെടലുകള്‍ക്ക് ഫലം കാണാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള റിസര്‍വ് ബേങ്കിന്റെ തീരുമാനം രൂപയുടെ മൂല്യത്തെ സ്വാധീനിച്ചില്ലെന്നത് ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. റിസര്‍വ് ബേങ്കിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ശ്രമങ്ങള്‍ക്ക് വിദേശ നാണ്യവിപണിയുടെ നീക്കങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയില്ല. രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ പ്രധാനമായും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് റിസര്‍വ് ബേങ്ക് അറിയിച്ചത്. എന്നാല്‍ രൂപയുടെ മൂല്യം ഉയര്‍ത്താനോ പണപ്പെരുപ്പം നിയന്ത്രിക്കാനോ റിസര്‍വ് ബേങ്കിന് കഴിഞ്ഞില്ലെന്നാണ് നിലവിലെ അവസ്ഥ തെളിയിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ വീണ്ടും കൂപ്പുകുത്തിക്കുകയാണ്. നിലവില്‍ രൂപയുടെ മൂല്യശോഷണം മൂലമുള്ള ദൂഷ്യഫലങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുകയും എന്നാല്‍ ഗുണങ്ങള്‍ പ്രയോജനപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
അനുകൂലമായ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ രാജ്യത്തിന്റെ ഭരണകൂടത്തിന് കഴിയുന്നില്ലെന്നതാണ് വസ്തുത. കറന്‍സിയുടെ മൂല്യമിടിവ് സാധാരണ ഗതിയില്‍ ഇറക്കുക്കുമതിക്ക് തിരിച്ചടിയാകുമെങ്കിലും കയറ്റുമതിക്ക് അനുകൂലമായിരിക്കും. എന്നാല്‍ ഇതിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യത്തിന് നേട്ടം കൈവരിക്കാനായിട്ടില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല. ഇറക്കുമതിയിലൂടെ ലഭിക്കുന്ന നേട്ടം കൊയ്യാന്‍ രാജ്യത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും കയറ്റുമതി ചെയ്യപ്പെടുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുകയും ചെയ്യാന്‍ കഴിയുമ്പോഴാണ് പ്രതിസന്ധിയുടെ അനുകൂല വശം നമുക്ക് ഉപയോഗപ്പെടുത്താനാകുക.
ഇതിന് വിദേശ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകണം. വിദേശ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രധാനമായും മത്സരം നേരിടുന്നത് ചൈനയോടാണ്. ചൈനയോട് ഫലപ്രദമായി മത്സരിക്കാന്‍ കഴിയുമ്പോഴാണ് പ്രതിസന്ധിയുടെ ആനുകൂല്യം നമുക്ക് പ്രയോജനപ്പെടുത്താനാകുക. അതുവഴി ആഡംബര വസ്തുക്കളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഇറക്കുമതി കുറക്കാനാകും. നിലവില്‍ ഇറക്കുമതി കൂടിയും കയറ്റുമതി കുറഞ്ഞും നില്‍ക്കുന്നതു മൂലം രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചതിനാല്‍ ഇത് കുറക്കാന്‍ ഡീസല്‍ വിലയും സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഓഹരിയുടമകളില്‍ നിന്ന് ഓഹരികള്‍ മടക്കി വാങ്ങുന്നതിനായി ഹിന്ദുസ്ഥാന്‍ യൂനീലിവര്‍ 550 കോടി ഡോളര്‍ ചെലവഴിക്കുന്നത് രൂപക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്ക കരകയറുകയാണെന്ന യാഥാര്‍ഥ്യമാണ് ഇന്ത്യന്‍ രൂപക്ക് തിരിച്ചടിയായത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട അമേരിക്ക അതിനെ മറികടക്കാന്‍ ഒട്ടേറെ ഉത്തജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. അത്തരം പാക്കേജുകള്‍ ഈ വര്‍ഷം അവസാനത്തോടെ പിന്‍വലിക്കാനുള്ള തീരുമാനം അമേരിക്കന്‍ കേന്ദ്ര ബേങ്കായ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയതോടെയാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യമിടിച്ച് ഡോളര്‍ കുതിച്ചുയര്‍ന്നത്. മൂല്യമിടിവ് 61 കടന്ന ഇന്ത്യന്‍ കറന്‍സിക്ക് മൂന്നാഴ്ചക്കിടെ 10 ശതമാനത്തിലധികം നഷ്ടമാണ് നേരിടേണ്ടി വന്നത്. അതേസമയം രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ പ്രകടമായ ചാഞ്ചാട്ടം മ്യൂച്വല്‍ ഫണ്ട് മേഖലയേയും ബാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ െ്രെതമാസക്കാലയളവില്‍ 10 ലക്ഷം നിക്ഷേപകരാണ് കൊഴിഞ്ഞുപോയത്.
രാജ്യത്തെ 44 ഫണ്ട് ഹൗസുകള്‍ക്കും കൂടി 4.18 കോടി നിക്ഷേപകരാണ് ഇപ്പോഴുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.28 കോടിയായിരുന്നു വ്യക്തിഗത മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകള്‍. കഴിഞ്ഞ മാര്‍ച്ച് അവസാനത്തെ അപേക്ഷിച്ച് ഓഹരിയധിഷ്ഠിത ഫണ്ടുകളില്‍ നിന്നാണ് ഏറ്റവുമധികം നിക്ഷേപകര്‍ കൊഴിഞ്ഞുപോയത്. 2013 മാര്‍ച്ചില്‍ 3.31 കോടി വ്യക്തിഗത അക്കൗണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകളിലുണ്ടായിരുന്നത്. ജൂണ്‍ ആയപ്പോഴേക്കും ഇത് 3.20 കോടിയായി ചുരുങ്ങി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ പിന്മാറ്റം അനുഭവപ്പെടുന്നുണ്ട്. 2012-13 സാമ്പത്തിക വര്‍ഷം 36 ലക്ഷം നിക്ഷേപകരാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വിറ്റൊഴിഞ്ഞത്. അതിനു മുമ്പുള്ള മൂന്ന് വര്‍ഷങ്ങളിലായി 15 ലക്ഷം പേര്‍ ഒഴിഞ്ഞു. 2008ല്‍ ഓഹരി വിപണി ഇടിഞ്ഞ ശേഷം ഇതുവരെ സ്ഥിരത കൈവരിക്കാത്തതാണ് കാരണം. 2007-08 കാലയളവില്‍ നിക്ഷേപിച്ച ഭൂരിഭാഗം പേര്‍ക്കും ഇതുവരെ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ബോണ്ടുകള്‍ വാങ്ങുന്നത് കുറച്ചതാണ് രൂപക്ക് തിരിച്ചടിയായതെങ്കിലും വിദേശ നിക്ഷേപ ഒഴുക്ക് ഉയരാന്‍ തുടങ്ങുകയും കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടുകയും ചെയ്യുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സമീപഭാവിയില്‍ തന്നെ രൂപ സ്ഥിരത കൈവരിക്കുമെന്നും ബേങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ ആദ്യവാരത്തോടെ ഇന്ത്യന്‍ രൂപ 57.58 നിലവാരത്തില്‍ സ്ഥിരത കൈവരിക്കുമെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ ഇതിന് വിദൂര സാധ്യതയാണുള്ളതെന്നാണ് വിദേശനാണ്യ വിപണി വിദഗ്ധരുടെ അഭിപ്രായം.
ഈ സാഹചര്യത്തിലും പുതിയ ബേങ്ക് ലൈസന്‍സിനായി കേരളത്തില്‍ നിന്നുള്ള രണ്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് 26 ധനകാര്യസ്ഥാപനങ്ങള്‍ റിസര്‍വ് ബേങ്കിനെ സമീപിച്ചിരിക്കുകയാണ്.
രാജ്യത്തു നിലവില്‍ 26 പൊതുമേഖലാ ബേങ്കുകളും 22 സ്വകാര്യ ബേങ്കുകളും 56 ഗ്രാമീണ ബേങ്കുകളുമുണ്ട്. 1993ല്‍ റിസര്‍വ് ബേങ്ക് 10 സ്ഥാപനങ്ങള്‍ക്ക് ബേങ്കിംഗ് ലൈസന്‍സ് നല്‍കിയിരുന്നു. ഇവയില്‍ നാലെണ്ണം പിന്നീട് മറ്റു ബേങ്കുകളില്‍ ലയിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് 26 അപേക്ഷകള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ റിസര്‍വ് ബേങ്ക് ഇത്തവണ 10ന് താഴെ ബേങ്കുകള്‍ക്ക് പുതുതായി അനുമതി നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ്, യു എ ഇ മണി എക്‌സ്‌ചേഞ്ച് കേരളത്തിലെ രണ്ട് സ്ഥാപനങ്ങളും, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടാറ്റാ ഗ്രൂപ്പ്, അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍ , ബജാജ് ഫിനാന്‍സ്, വീഡിയോകോണ്‍ തുടങ്ങിയ പ്രമുഖ വ്യവസായ ഗ്രൂപ്പുകളും ബേങ്കിനുള്ള അനുമതിക്കായി രംഗത്തുണ്ട്. പൊതുമേഖലയില്‍ നിന്ന് ഇന്ത്യാ പോസ്റ്റും ബേങ്കിംഗ് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. റെലിഗേര്‍, ഐ എഫ് സി ഐ, ഐ ഡി എഫ് സി, ഇന്ത്യാ ഇന്‍ഫോലൈന്‍, ശ്രീ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് എന്നിവരും രംഗത്തുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here