Connect with us

Editorial

ഇടുക്കിയിലെ ദുരന്തം

Published

|

Last Updated

കനത്ത മഴ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. തൊടുപുഴ അടിമാലിക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറയില്‍ ഉരുള്‍പൊട്ടി രണ്ട് സ്ത്രീകളും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ മേല്‍ മണ്ണിടിഞ്ഞു വീണ് അഞ്ച് പേരുമടക്കം 11 പേര്‍ മരിച്ചു. 20 ഏക്കറോളം വരുന്ന വലിയൊരു മലയാണ് ഇടിഞ്ഞു കുത്തിയൊലിച്ചത്. ഇടവേളയില്ലാതെ തുടരുന്ന പേമാരിയില്‍ സംസ്ഥാനത്തെ നദികള്‍ കവിഞ്ഞൊഴുകുകയാണ്. നീരൊഴുക്ക് കൂടിയ ഇടമലയാര്‍, നെയ്യാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നുവിട്ടു. ഇതെതുടര്‍ന്ന് തീരപ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയുണ്ടായി.
അഞ്ച് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ കോഴിക്കോട് പൂല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലിന് ഒരാണ്ട് തികയുന്ന വേളയിലാണ് അടിമാലിയിലെ ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ആഗസ്റ്റ് ആറിനായിരുന്നു പുല്ലൂരാംപാറ ദുരന്തം. രണ്ടാഴ്ച മുമ്പ് കോഴിക്കോട് കിനാലൂരിനടുത്ത മങ്കയം, പുല്ലൂരാംപാറ, ഇടുക്കി, ജീരകപ്പാറ തുടങ്ങി നിരവധി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആള്‍നാശമുണ്ടായില്ലെങ്കിലും കോടികളുടെ നഷ്ടം നേരിട്ടിരുന്നു.
മലനിരകള്‍ നിറഞ്ഞ കേരളം നേരിടുന്ന വന്‍ ദുരന്തമാണ് ഉരുള്‍പൊട്ടള്‍. സംസ്ഥാനത്തെ അഞ്ച് ശതമാനത്തോളം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനു സാധ്യതയേറിയവയാണെന്നും ഇടുക്കിയാണ് മുന്നിലെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി മേഖലയിലെ അടിമാലി, മൂലമറ്റം, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍, മുള്ളരിങ്ങാട്, വെണ്‍മണി തുടങ്ങിയവ മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍ പൊട്ടിയ പ്രദേശങ്ങളാണ്.
കനത്ത മഴയില്‍ മലയില്‍ വെള്ളമിറങ്ങുകയും വെള്ളക്കെട്ട് താങ്ങാന്‍ മലയടിവാരത്തെ മണ്ണുറപ്പ് ശക്തമല്ലാതെ വരികയും ചെയ്യുമ്പാഴാണ് ഉരുള്‍പൊട്ടുന്നത്. മലയിടിച്ചിലിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന വെള്ളപ്പാച്ചില്‍ മരങ്ങളം വീടുകളും മാത്രമല്ല, വലിയ പാറക്കല്ലുകളെ പോലും കടപുഴക്കാനും തെറിപ്പിക്കാനും ശക്തമായിരിക്കും. ഒഴുക്കിന്റെ പാതയിലുള്ള എന്തിനെയും അത് അടിച്ചു മാറ്റുകയും കഴിച്ചു മൂടുകുയം ചെയ്യും. മീറ്ററുകളോളം ആഴത്തില്‍ ഒരു ഗ്രാമത്തെയാകെ കുഴിച്ചുമൂടിയ ഉരുള്‍പൊട്ടലുകള്‍ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ട്.
പ്രകൃതിയിലെ ഒരു പ്രതിഭാസമാണ് ഉരുള്‍പെട്ടലെങ്കിലും പലപ്പോഴും മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനങ്ങാണ് അതിന് വഴിയൊരുക്കുന്നത്. ഇടുക്കി ജില്ലയിലെ മണ്ണിടിച്ചിലിന്റയും ഉരുള്‍പൊട്ടലിന്റെയും പ്രധാന കാരണം വനനശീകരണവും അശാസ്ത്രീയമായ നിര്‍മാണ രീതികളുമാണെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ പഠന വിഭാഗത്തിന്റെ വിലയിരുത്തല്‍. വനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ വൃക്ഷങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വൃക്ഷങ്ങളുടെ വേരുകളാണ് കനത്ത മഴയില്‍ കുത്തിയൊലിച്ചു പോകാതെ ചെരിഞ്ഞ പ്രദേശങ്ങളിലെ മണ്ണിനെ താങ്ങിനിര്‍ത്തുന്നത്. മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുമ്പോള്‍ സംഭവിക്കുന്ന വേരുകളുടെ നാശത്തിലൂടെ മണ്ണിന്റെ സംരക്ഷണ ഭിത്തിയാണ് നശിക്കുന്നത്. മാത്രമല്ല, വേരുകള്‍ ഉണങ്ങുന്നത് മൂലമുണ്ടാകുന്ന വിടവുകളില്‍ ഇറങ്ങുന്ന മഴവെള്ളവും ഉരുള്‍പൊട്ടലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
എവിടെ, എപ്പോഴെല്ലാമാണ് സംഭവിക്കുകയെന്ന് പ്രവചിക്കുക സാധ്യമല്ലെങ്കിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ നേരത്തെ നിര്‍ണയിക്കാനാകുമെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. കുത്തനെയുള്ള കുന്നിന്‍ ചെരിവുകള്‍, മണ്ണും കല്ലും ചേര്‍ന്ന ഭൂപ്രകൃതി. കനത്ത മഴയുണ്ടാകുന്ന പ്രദേശങ്ങള്‍, കാടുകളും മരങ്ങളും കുറഞ്ഞ പ്രദേശം തുടങ്ങിയവയാണ് ഇതിന് സാധ്യതയുള്ള പ്രദേശങ്ങള്‍. ഉപഗ്ര ഹചിത്രങ്ങളും മഴയുടെ കണക്കും വെച്ച് ഏതുഭാഗങ്ങളിലാണ് ഉരുള്‍പൊട്ടാന്‍ സാധ്യതയെന്ന് നിര്‍ണയിക്കാനാകുമെന്നാണ് ശാസ്ത്രത്തിന്റെ അവകാശവാദമെങ്കിലും പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമപ്പുറമാണ് പ്രകൃതി ദുരന്തങ്ങളെന്നതാണ് അനുഭവം.
എന്നാലും ഇടുക്കി മേഖലയില്‍ എല്ലാ വര്‍ഷവും ഉരുള്‍ പൊട്ടല്‍ സംഭവിക്കാറുണ്ടെന്നിരിക്കെ ഇത്തവണത്തെ അതിശക്തമായ മഴയയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ദുരന്തം സംഭവിച്ച ശേഷം ഞെട്ടല്‍ രേഖപ്പെടുത്തുകയും സന്ദര്‍ശനം നടത്തി ദുരിതാശ്വാസം പ്രഖ്യാപിക്കുകയും ചെയ്യുകയല്ല, മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ യഥാസമയം നിര്‍വഹിക്കുന്നതിനുള്ള ജാഗ്രതയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.

 

Latest