തുര്‍ക്കി മുന്‍ സൈനിക മേധാവിക്ക് ജീവപര്യന്തം

Posted on: August 6, 2013 6:02 am | Last updated: August 6, 2013 at 8:32 am
SHARE

Ilker Basbugഇസ്തംബൂള്‍: തുര്‍ക്കിയില്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയ ഇര്‍ഗെനെകോണ്‍ കേസില്‍ മുന്‍ സൈനിക മേധാവി ജനറല്‍ ലികര്‍ ബാസ്ബഗിന് ജീവപര്യന്തം തടവ്. സൈനിക ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് രാജ്യത്തിനെതിരെ സൈനിക ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന ആരോപണം തെളിഞ്ഞതായി തുര്‍ക്കി കോടതി വക്താക്കള്‍ അറിയിച്ചു. 2003ലാണ് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ബാസ്ബഗ് നടത്തിയത്. ഭരണപക്ഷ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ കെ പി) സര്‍ക്കാറിനെതിരായിരുന്നു അട്ടിമറി. 2008 – 2010 കാലഘട്ടത്തിലാണ് ബാസ്ബഗ് സൈനിക മേധാവിയായി പദവി വഹിച്ചത്.

ഇര്‍ഗെനെകോണ്‍ ഗൂഢാലോചന എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ആസൂത്രണവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ ഇതുവരെ തുര്‍ക്കിയിലെ പ്രത്യേക കോടതി വിചാരണ ചെയ്തിട്ടുണ്ട്. ഇവരില്‍ 270 സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് തെളിഞ്ഞവര്‍ക്കെതിരെ ചുരുങ്ങിയത് ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരില്‍ മുതിര്‍ന്ന അഭിഭാഷകരും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനിടെ, കുറ്റം ആരോപിക്കപ്പെട്ട 21 പേരെ കോടതി വെറുതെ വിട്ടു.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ബാസ്ബഗ് തള്ളി. രാഷ്ട്രീയ പ്രേരിതമായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ഇസ്തംബൂളിലെ കനത്ത സുരക്ഷയൊരുക്കിയ കോടതി മുറിയിലായിരുന്നു ബാസ്ബഗിന്റെ വിചാരണ. കുറ്റവാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോടതിക്ക് പുറത്ത് ആയിരക്കണിക്കനാളുകള്‍ പ്രകടനം നടത്തി. പ്രതിപക്ഷ പാര്‍ട്ടിയായ സെക്യുലര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. കോടതിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടി.
പ്രക്ഷോഭകരെ തുരത്താന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുര്‍ക്കിയുടെ പ്രധാനമന്ത്രിയായി തയ്യിബ് ഉര്‍ദുഗാന്‍ സ്ഥാനമേറ്റ ശേഷം 2007ലാണ് ഇര്‍ഗെനെകോണ്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ വിദഗ്ധ സംഘമായിരുന്നു കേസ് അന്വേഷിച്ചത്.
വളരെ സത്യസന്ധമായ അന്വേഷണമാണ് ഈ വിഷയത്തില്‍ നടന്നതെന്ന് ഭരണപക്ഷ പാര്‍ട്ടിയായ എ കെ പിയും സര്‍ക്കാര്‍ വക്താക്കളും അവകാശപ്പെടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയെ ലക്ഷ്യംവെച്ച് മാത്രമാണ് അന്വേഷണം നടന്നതെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.