മലഞാവല്‍; പഴവര്‍ഗങ്ങള്‍ക്കിടയിലേക്ക് ഒരു നവാതിഥി കൂടി

Posted on: August 6, 2013 12:01 am | Last updated: August 5, 2013 at 11:37 pm
SHARE

knr tree storyകണ്ണൂര്‍: ചക്കയും മാങ്ങയും അമ്പഴങ്ങയും പോലുള്ള കേരളത്തിന്റെ സ്വന്തം പഴവര്‍ഗങ്ങള്‍ക്കിടയിലേക്ക് ‘നാടുകാണാ’ത്ത ഒരു കാട്ടുപഴം കൂടി അതിഥിയായെത്തി. ലോകത്താദ്യമായി കേരളത്തിന്റെ പശ്ചിമഘട്ട മലനിരയില്‍ അഗസ്ത്യകൂടത്തില്‍ നിന്നാണ് മലഞാവല്‍ എന്നറിയപ്പെടുന്ന പുതിയ ഒരിനം കാട്ടുപഴം കൂടി കണ്ടെത്തിയത്. കേരളവന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്ര സംഘമാണ് അഗസ്ത്യകൂടത്തിലെ പൊങ്കാലപ്പാറക്ക് സമീപം വൃക്ഷം കണ്ടെത്തിയത്. ചെറുനാരങ്ങ വലിപ്പത്തില്‍ ഭക്ഷ്യയോഗ്യമായ പഴമുള്ള ഈ വൃക്ഷം ലോകത്തില്‍ മറ്റെവിടെയും ഇതുവരെയായും കണ്ടെത്തിയിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിന്റെ സ്വന്തമെന്നറിയപ്പെടുന്ന ഇരുന്നൂറോളം പഴവര്‍ഗങ്ങളുടെ ശ്രേണിയിലേക്ക് ഈ വൃക്ഷത്തിന്റെ മണവും രുചിയുമുള്ള പഴവും സ്ഥാനം പിടിച്ചു.

കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. പി സുജനപാലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഏഴ് വര്‍ഷത്തെ പഠനപ്രവര്‍ത്തങ്ങള്‍ക്കു ശേഷം ‘മലഞാവല്‍’ എന്ന നാട്ടു പേരു വിളിക്കപ്പെടുന്ന ഈ ചെറുവൃക്ഷം ലോകത്ത് കേരളത്തിന്റെ പശ്ചിമഘട്ടത്തില്‍ മാത്രമാണ് വളരുന്നതെന്ന് കണ്ടെത്തിയത്. ‘സൈസീജിയം ശശിധരണി’ എന്ന പേരാണ് പുതിയ ഈ വൃക്ഷത്തിനുള്ള ഔദ്യോഗിക പേരായി നല്‍കിയിട്ടുള്ളത്. ഞാവല്‍ വര്‍ഗത്തില്‍പ്പെട്ട മൂന്നോ നാലോ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷം 2006ലാണ് അഗസ്ത്യകൂടത്തിലെ പുല്‍മേടുകള്‍ക്കിടയില്‍ ഗവേഷക സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാണിക്കാരന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ഈ വൃക്ഷത്തിലുള്ള പഴം ഭക്ഷിക്കുമായിരുന്നു. പിന്നീട് ഇതെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് എന്ന പുസ്തകത്തില്‍ പുതിയ വൃക്ഷത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതോടുകൂടിയാണ് ലോകത്തില്‍ മറ്റൊരിടത്തും ഈ വൃക്ഷത്തൈ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമായത്.
ചുകപ്പും തവിട്ടും കലര്‍ന്ന ഇലകളുള്ള ഈ വൃക്ഷത്തില്‍ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പഴങ്ങളുണ്ടാകുക. മജ്ജകളുള്ള ചെറിയ പഴങ്ങള്‍ക്ക് നല്ല മധുരമുണ്ടാകും. ആകെ 100 വൃക്ഷങ്ങള്‍ മാത്രമാണ് അഗസ്ത്യകൂടത്തില്‍ ഇതുവരെയായി കണ്ടെത്തിയിട്ടുള്ളത്. വളരെയധികം ഔഷധഗുണമുള്ള പഴങ്ങളാണ് ഈ വൃക്ഷത്തിന്റെതെന്ന് പ്രാഥമികമായി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രമേഹത്തിനുള്‍പ്പടെ ഇതുപയോഗിച്ച് മരുന്നുണ്ടാക്കാമെന്നതിനെക്കുറിച്ചും മറ്റും ഗവേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഡോ. പി സുജനപാല്‍ പറഞ്ഞു. കേരള വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരായ എ ജെ റോബി, കെ ജെ ഡിന്റസ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ പി എസ് ഉദയന്‍ എന്നിവരും പുതിയ വൃക്ഷം കണ്ടെത്തുന്നതു സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here