Connect with us

Malappuram

മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി

Published

|

Last Updated

മലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവിന്റെ വിശുദ്ധ രാവില്‍ സമര്‍പ്പണത്തിന്റെയും ഒരുമയുടെയും മാതൃകകളായി വിശ്വാസികള്‍ മഅ്ദിന്‍ ക്യാമ്പസില്‍ ആത്മീയ സാഗരം തീര്‍ത്തു. മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ പ്രാര്‍ഥനാ സംഗമം ഒരിക്കല്‍ക്കൂടി ദിവ്യാനുഭൂതിയായി.
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പ്രാര്‍ഥനാ നഗരിയിലേക്ക് ഒഴുകിയെത്തിയ വിശ്വാസികള്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരിച്ചു പോയത്. മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു.
പാരസ്പര്യത്തിന്റെ ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ച വിശ്വാസികള്‍ മഗ്‌രിബ് നിസ്‌കാര ശേഷം വ്യത്യസ്ത ദുആ മജ്‌ലിസുകളെ സജീവമാക്കി. അവ്വാബീന്‍, തസ്ബീഹ്, ഇശാ, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്ക് ഗ്രാന്‍ഡ് മസ്ജിദ് കവിഞ്ഞൊഴുകി.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ചൊല്ലിക്കൊടുത്ത ഭീകരതക്കും ലഹരിവിപത്തിനുമെതിരെയുള്ള പ്രതിജ്ഞ സദസ്സ് ഏറ്റുചൊല്ലി. സലാത്ത്, ദിക്‌റ്, തൗബകള്‍ക്ക് ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കി. ഡോക്യുമെന്ററിയുടെ പ്രകാശനവും കരുണക്കൊരു കാരണം ഓണ്‍ലൈന്‍ പ്രൊജക്ടിന്റെ ഉദ്ഘാടനവും വേദിയില്‍ നടന്നു.
ഞായറാഴ്ച രാവിലെ ഹദീസ് പാഠത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ളുഹ്ര്‍ നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദ്ര്‍, ബുര്‍ദ പാരായണം, വിര്‍ദുല്ലത്വീഫ് മജ്‌ലിസ് എന്നിവ നടന്നു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയ തങ്ങള്‍ തലപ്പാറ, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ.പി എച്ച് തങ്ങള്‍, സയ്യിദ് അബ്ദുല്ലാ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ഹസന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.