പ്രവാസികളോട് കാട്ടുന്നത് വഞ്ചന: ദല

Posted on: August 5, 2013 8:00 pm | Last updated: August 5, 2013 at 8:25 pm
SHARE

ദുബൈ: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹമോ, ചിതാഭസ്മമോ നാട്ടില്‍ കൊണ്ടുപോകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കണം എന്ന എയര്‍ ഇന്ത്യ സര്‍ക്കുലര്‍ മര്യാദകളുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് ദല ദുബൈ അഭിപ്രായപ്പെട്ടു.

കാലങ്ങളായി പ്രവാസി ഇന്ത്യക്കാരോട് കാണിക്കുന്ന തലതിരിഞ്ഞ സമീപനങ്ങള്‍ ഇന്ത്യക്കാരായ യാത്രക്കാരെ എയര്‍ ഇന്ത്യയുടെ ശത്രുക്കളാക്കി നിര്‍ത്തുന്നതിനുള്ള ഉന്നതതല ഗൂഡാലോചനയാണ്. സ്വകാര്യ വിമാനകമ്പനികളെ സഹായിക്കുന്ന ഇത്തരം രഹസ്യ അജന്‍ഡകള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒത്താശയോടെ നടക്കുന്ന തട്ടിപ്പാണ്.
വിദേശരാജ്യങ്ങളില്‍ മരണം സംഭവിച്ചുകഴിഞ്ഞാല്‍ മൃതശരീരം എത്രയും വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി വിദേശ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ സ്വീകരിക്കുമ്പോള്‍ , അതിനു കടകവിരുദ്ധമായ രീതിയില്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടാണ് എയര്‍ ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.
പ്രവാസികളെ അവഹേളിക്കുകയും മൃതദേഹത്തോടു പോലും അനാദരവ് കാണിക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നയം തിരുത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ദല അഭ്യര്‍ഥിച്ചു.