കാലാവസ്ഥയില്‍ നേരിയ മാറ്റം

Posted on: August 5, 2013 8:20 pm | Last updated: August 5, 2013 at 8:20 pm
SHARE

ദുബൈ: കടുത്ത ചൂടിന് ആശ്വാസമായി കാലാവസ്ഥാ മാറ്റം. ഇന്നലെ രാവിലെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളില്‍ നേരിയ മഴ പെയ്തു. യു എ ഇയിലാകെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചൂടുകാലം തുടങ്ങിയ ശേഷം ആദ്യമായിരുന്നു ഇത്തരമൊരു കാലാവസ്ഥ. ഇന്നലെ രാവിലെ എട്ടോടെയാണ് ദുബൈയില്‍ മഴപെയ്തത്. തണുത്ത കാറ്റു വീശുകയും ചെയ്തു. ഇതോടെ താപനില നന്നേ കുറഞ്ഞു. റാസല്‍ഖൈമയിലും മറ്റിടങ്ങളിലും ഇന്നലെ രാവിലെയാണ് മഴ പെയ്തത്. അല്‍ ഐനില്‍ കഴിഞ്ഞ ദിവസം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.
ഇന്നും ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ചൊവ്വാഴ്ചയും തുടരാന്‍ സാധ്യതയുണ്ട്. അതേസമയം ഈദ് ദിനങ്ങളില്‍ കടുത്ത ചൂടുണ്ടാകും. ദുബൈയിലും വടക്കന്‍ എമിറേറ്റിലും മഴപെയ്തത് നിവാസികളെ ഏറെ ആഹ്ലാദിപ്പിച്ചു. സോഷ്യല്‍ മീഡിയകളില്‍ പ്രതികരണങ്ങള്‍ ഒഴുകി. കഴിഞ്ഞ മാസം താപനില 49 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 40 ഡിഗ്രിയായി കുറഞ്ഞു.
ദിബ്ബയിലും പരിസരങ്ങളിലും മഴ ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടക്ക് പെയ്ത മഴ 45 മിനിറ്റോളം തുടര്‍ന്നു. റോഡുകളും റൗണ്ട് എബൗട്ടുകളും വെള്ളത്തില്‍ മുങ്ങി. അല്‍ അക്ക, ദദ്‌ന എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴ തുടര്‍ന്നാല്‍ ഈത്തപ്പഴ കൃഷിക്കാര്‍ക്ക് പ്രതികൂലമായി ഭവിക്കുമെന്ന് അല്‍ ഐനിലെ കര്‍ഷകന്‍ അബ്ദുല്ല അല്‍ കഅബി പറഞ്ഞു. സഊദി അറേബ്യയിലും ഒമാനിലും മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഊദിയില്‍ നേരത്തെ പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു.
ഒമാനില്‍ നിന്നാണ് യു എ ഇയിലേക്ക് മഴമേഘങ്ങള്‍ എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.