Connect with us

Kasargod

തൃക്കരിപ്പൂരില്‍ വ്യവസായ പ്രമുഖനെ അഞ്ജാത സംഘം കൊലപ്പെടുത്തി

Published

|

Last Updated

തൃക്കരിപ്പൂര്‍: ദുബായിയിലെ വ്യവസായ പ്രമുഖനെ തൃക്കരിപ്പൂരിലെ വീട്ടില്‍ കയറി അജ്ഞാതര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെള്ളാപ്പ് സ്വദേശിയും ദുബൈ നോവല്‍റ്റി ഗ്രൂപ്പ് ഉടമയും ദുബായ് കെ എം സി സി നേതാവുമായ എ.ബി. അബ്ദുല്‍ സലാം ഹാജി(58) യെയാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം കൊലപ്പെടുത്തിയത്. ഹാജിയുടെ മകന്‍ സുഫിയാനും അക്രമത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി 12 ഓടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

വീട്ടിനടുത്ത വെള്ളാപ്പ് ജുമാമസ്ജിദില്‍ നിന്നും തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞു വീട്ടിലെത്തിയ അബ്ദുള്‍ സലാം ഹാജി വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണു അജ്ഞാത സംഘം വീട്ടിലെത്തിയത്. കോളിംഗ്‌ബെല്‍ ശബ്ദം കേട്ടു ഹാജിയുടെ ഇളയ മകള്‍ സഫാന വാതില്‍ തുറന്നപ്പോഴാണു പിരിവിനെത്തിയവരെന്നു പരിചയപ്പെടുത്തിയ സംഘം അകത്തു കടന്നത്. ഈ സമയം ബാത്ത്‌റൂമില്‍ നിന്നും പുറത്തിറങ്ങുകയായിരുന്ന സുഫിയാനെ അക്രമിസംഘം അടിച്ചുവീഴ്ത്തി ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു. ശബ്ദംകേട്ടെത്തിയ സലാം ഹാജിയെ വീട്ടുവരാന്തയിലുണ്ടായിരുന്ന കസേരകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതേത്തുടര്‍ന്നു കുറച്ചുപണം ഇവര്‍ക്കു നല്‍കിയതായി വീട്ടുകാര്‍ പറഞ്ഞു. ഇതിനു ശേഷം മാസ്‌കിംഗ് ടാപ്പ് കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടു കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ ഭാര്യ സുബൈദയേയും മാസ്‌കിംഗ് ടേപ്പ് ഉപയോഗിച്ചു കെട്ടിയിട്ടു. ഇളയമകള്‍ സുഫാനയെ ഭീഷണിപ്പെടുത്തി വീടിന്റെ ഇരുനിലകളിലെ മുറികളിലുള്ള അലമാരകളുടെയും മേശകളുടെയും താക്കോലുകള്‍ കൈക്കലാക്കിയ സംഘം ഇവയില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും പഴ്‌സുകളും മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെയും ബൈക്കിന്റെയും താക്കോലുകളും വീട്ടുകാരുടെ മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതായും വീട്ടുകാര്‍ പറഞ്ഞു.

ഹിന്ദി സംസാരിക്കുന്ന നാലുപേരും മലയാളം സംസാരിക്കുന്ന രണ്ട് പേരുമാണു സംഘത്തിലുണ്ടായിരുന്നതെന്നും സഫാന പോലീസിനോടു പറഞ്ഞു. വെളുത്ത എര്‍റ്റിഗ കാറിലാണ് സംഭവശേഷം സംഘം സ്ഥലം വിട്ടെതന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ കാറിന്റെ നമ്പര്‍ വ്യക്തമായിട്ടില്ലെന്നാണ് സൂചന. ഏറെ സുരക്ഷാക്രമീകരങ്ങള്‍ സജ്ജീകരിച്ചിരുന്ന വീടാണിത്. ഗേറ്റിലും വീട്ടിലും കാമറ ഘടിപ്പിച്ചിരുന്നു. സി സി ടി വി വഴി ദൃശ്യങ്ങള്‍ കാണാനാകുന്ന രീതിയില്‍ ക്രമീകരിച്ചിരുന്നെങ്കിലും ഇവ റിക്കോര്‍ഡ് ചെയ്യാറില്ലായിരുന്നു. അതേ സമയം ആഴ്ചകളായി ഗേറ്റിലുള്ള കാമറയും ഇന്റര്‍കോം സംവിധാനവും പ്രവര്‍ത്തന രഹിതമായിരുന്നതായും വീട്ടുകാര്‍ പറയുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest