Connect with us

Kerala

എന്‍ ഐ ഒ കേരള സര്‍വകലാശാല അംഗീകരിക്കുന്നില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

Published

|

Last Updated

തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ ഐ ഒ എസ്)ന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ ആശങ്കയില്‍. സംസ്ഥാനത്തെ മറ്റെല്ലാ യൂനിവേഴ്‌സിറ്റികളും അംഗീകരിക്കുന്ന എന്‍ ഐ ഒ എസ് സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാല അംഗീകരിക്കാത്തതാണ് കാരണം. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പന്‍ സ്‌കൂളിന്റെ പ്രോസ്‌പെക്ടസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കേരള സര്‍വകലാശാല ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ചതായി വ്യക്തമാക്കിയിരിക്കെയാണ് കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ എന്‍ ഐ ഒ എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്ന് പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പന്‍ സ്‌കൂള്‍ കോഴ്‌സുകള്‍ക്ക് സമാനമായ കേരള ഓപ്പന്‍ സ്‌കൂള്‍ കോഴ്‌സ് പഠിച്ചവര്‍ക്ക് കേരള സര്‍വകലാശാലയില്‍ തുടര്‍പഠനം സാധ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ റീജ്യനല്‍ സെന്ററിനു കീഴില്‍ നിരവധി പഠന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി നൂറുകണക്കിന് സ്ഥാപനങ്ങളില്‍ ഈ കോഴ്‌സുകള്‍ ആയിരക്കണക്കിന് കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. രാജ്യത്തെ പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളായ വിവിധ ഐ ഐ ടികള്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ഹൈദരാബാദ് ഉസ്മാനിയ്യ, ഗുണ്ടൂര്‍ നാഗാര്‍ജുന കാര്‍ഷിക സര്‍വകലാശാല, സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല, അസം അഗ്രികള്‍ച്ചറല്‍ സര്‍വകലാശാല, പാറ്റ്‌ന സര്‍വകലാശാല, മുംബൈ, പൂനെ തുടങ്ങി രാജ്യത്തെ മിക്ക സര്‍വകലാശാലകളും അംഗീകരിച്ചിരിക്കെ, കേരള സര്‍വകലാശാല മാത്രം കാണിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
സംസ്ഥാനത്ത് കാലിക്കറ്റ് സര്‍വകലാശാല, കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവയും കേരള പബ്ലിക് എക്‌സാമിനേഷന്‍ ബോര്‍ഡ്, ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് എന്നിവ അംഗീകരിക്കുന്നതാണ് കോഴ്‌സ്. നേവല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് കോഴ്‌സിനുള്‍പ്പടെ പ്രവേശന യോഗ്യതയായി കൊച്ചിന്‍ ശാസ്ത്ര സര്‍വകലാശാലയും എന്‍ ഐ ഒ എസ് പ്ലസ്ടു അംഗീകരിച്ചിട്ടുണ്ട്. പ്രോസ്‌പെക്ടസില്‍ കേരള സര്‍വകലാശാല അംഗീകരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേരള സര്‍വകലാശാലയുടെ പ്രോസ്‌പെക്ടസില്‍ അംഗീകാരമില്ലെന്ന മട്ടില്‍ പരാമര്‍ശിച്ചതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നത്.
ഇപ്പോള്‍ കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഡിഗ്രി, പി ജി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ മാസം അവസാനമാണ് അപേക്ഷിക്കേണ്ട അവസാന തിയതി. എന്നാല്‍ എന്‍ ഐ ഒ എസിന്റെ പ്രേസ്‌പെക്ടസ് പ്രകാരം അംഗീകാരമുണ്ടെന്നതിനാല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് 250 രൂപയുടെയും 500 രൂപയുടെയും പ്രോസ്‌പെക്ടസ് വാങ്ങിയവരാണ് വെട്ടിലായിട്ടുള്ളത്. പരസ്യത്തില്‍ അംഗീകാരമില്ലാത്ത കാര്യം കേരള സര്‍വകലാശാല വ്യക്തമാക്കിയിരുന്നുമില്ല. ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ അനുകൂല നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

 

Latest