Connect with us

Ongoing News

കനത്ത മഴ, ഉരുള്‍പൊട്ടല്‍: 17 മരണം

Published

|

Last Updated

തൊടുപുഴ/ കൊച്ചി: തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പതിനേഴ് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പതിനഞ്ച് പേരും എറണാകുളത്ത് രണ്ട് പേരുമാണ് മരിച്ചത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ കനത്ത ദുരിതം വിതച്ചത്. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിനുമൊപ്പം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന് അടിയിലായി. പതിനെട്ട് മണിക്കൂറിനിടെ പതിനേഴിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. റോഡുകള്‍ തകര്‍ന്നതിനാല്‍ മൂന്നാര്‍, രാജാക്കാട് ഉള്‍പ്പെടെ ഹൈറേഞ്ചിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. തൊടുപുഴ നഗരവും പ്രളയത്തിന്റെ പിടിയിലാണ്. നൂറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അടിമാലിക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കു മേല്‍ മണ്ണിടിഞ്ഞാണ് അഞ്ച് പേര്‍ മരിച്ചത്.

തോപ്പില്‍ക്കുടി സ്വദേശി ജോസി, ഇറച്ചിപ്പാറ സ്വദേശിയും ദേവികുളം താലൂക്ക് ഓഫീസിലെ െ്രെഡവറുമായ രാജന്‍ (32), പാലക്കാട് സ്വദേശി ജിബിന്‍ (11) എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. തടിയമ്പാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഉറുമ്പിത്തടത്ത് ജോസിന്റെ മക്കളായ ജ്യോത്സ്‌ന (17), ജോസ്മി (13) എന്നിവരാണ് മരിച്ചത്. വരിക്കയില്‍ പാപ്പച്ചന്‍ (65), ഭാര്യ തങ്കമ്മ (65), മലയിഞ്ചി പാലമറ്റത്ത് പീതാംബരന്റെ ഭാര്യ ശാരദ (65), പെരുമാംകണ്ടത്ത് അന്നമ്മ പൗലോസ് (60), പൂമറ്റത്തില്‍ ബീന (31), മകന്‍ ആദിത്യന്‍ (ഒന്ന്), പാലക്കാട് സ്വദേശി ജോസ് എബ്രഹാമിന്റെ മകന്‍ ജിതില്‍ ജോസ് (11) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
മലയോര പ്രദേശങ്ങളില്‍ ഇനിയും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനത്തിന് കര, നാവിക, വ്യോമ സേനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കരസേനയുടെ മൂന്ന് കോളം സൈനികര്‍ ഇന്നലെ വൈകുന്നേരത്തോടെ ഇടുക്കിയിലെത്തി. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ ഡി ആര്‍ എഫ്) നാല്‍പ്പതംഗ സംഘവുമായി വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തി. വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ നാവിക സേനാ വിമാനത്താവളത്തില്‍ ഏഴ് മണിയോടെ എത്തിയ വിമാനങ്ങളില്‍ അഞ്ച് ടണ്ണോളം ദുരിതാശ്വാസ സാമഗ്രികളും ഉണ്ടായിരുന്നു. ഇടുക്കിയില്‍ നാവിക സേനയുടെ നാല്‍പ്പതംഗ സംഘമാണ് എത്തിയത്.
കനത്ത മഴയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ കര്‍ക്കടക വാവ് ബലി നടക്കേണ്ട ആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലായി. എറണാകുളത്ത് രണ്ട് പേര്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ താറുമാറായി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കും. ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.

തൊടുപുഴയില്‍  തൊടുപുഴയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

നമ്പര്‍: 048622 32356
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി: 9497961738, 9497990054

 

Latest